കോട്ടയം: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങളെ കുറിച്ച് കോട്ടയം പ്രസ്‌ക്ലബ്ബില്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി.
എല്ലാ തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനം ഒരുക്കും. ശബരിമലയില്‍ എത്തുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സൗജന്യ ഇന്‍ഷൂറന്‍സ് കവറേജ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. അഞ്ചുലക്ഷം രൂപയുടെ കവറേജാണ് നല്‍കുക-മന്ത്രി പറഞ്ഞു. പൊലീസ് വിപുലമായ സുരക്ഷാ സംവിധാനം ഒരുക്കും. ശബരിമലയില്‍ മുന്‍ പരിചയമുള്ള ഉദ്യോഗസ്ഥരെയടക്കം 13,600 പൊലീസുകാരെ നിയോഗിക്കും. കാനന പാതയില്‍ തീര്‍ത്ഥാടകര്‍ക്ക് എല്ലാവിധ സൗകര്യങ്ങും ഒരുക്കും. വ്യൂപോയന്റുകളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തും. നിലയ്ക്കലില്‍ 10,000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുക്കും. കോടതി അനുമതിയോടെ പമ്പ ഹില്‍ടോപ്, ചക്കുപാലം എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് ഏര്‍പ്പെടുത്തും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേ സമയം ഇത്തവണ പതിനെട്ടാം പടിയില്‍ മിനിറ്റില്‍ 85 പേരെ കയറ്റാനുള്ള സജ്ജീകരണങ്ങളായിരിക്കും ഉണ്ടാവുക. കഴിഞ്ഞ തവണ ഇത് മിനിറ്റില്‍ 50 ആയിരുന്നു. പ്രതിദിനം വെര്‍ച്വല്‍ ക്യൂ വഴി70,000 പേരെയും അല്ലാതെ 10,000 പേര്‍ക്കും ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തും. വെര്‍ച്വല്‍ ക്യൂ വഴിയല്ലാതെ വരുന്നവരെ മൂന്നു കേന്ദ്രങ്ങളില്‍ രേഖാപരിശോധനയ്ക്കു വിധേയരാക്കാനുമാണ് ആലോചന.