പ്രഭാകരന്‍
കാസര്‍കോട്: കാഞ്ഞങ്ങാട് ഇരിയ പൊടവടുക്കത്തും ജില്ലയിലെ തുളു മേഖലകളിലും തിരുവോണം തുലാമാസത്തില്‍ തുലാമാസത്തിലെ ദീപാവലി ഈ മേഖലകള്‍ തിരുവോണമായി ആഘോഷിക്കുന്നു. തിരുവോണ നാളില്‍ തന്റെ പ്രജകളെ കാണാന്‍ മഹാബലി എഴുന്നളളുന്നുവെന്ന പുരാതന സങ്കല്‍പ്പം, ദീപാവലിക്കാണു മാവേലിയുടെ സന്ദര്‍ശനമെന്നു പഴയ കാലത്തു തന്നെ ഈ പ്രദേശവും ഇവിടത്തെ ജനവിഭാഗവും തിരുത്തിയിരുന്നു. അണികളെ കാണാന്‍ എത്തുന്ന മഹാബലി മഹാരാജാവിനെ വരവേല്‍ക്കാന്‍ അന്നുമുതല്‍ തന്നെ പൊലിയന്ദ്രം എന്ന ബലീന്ദ്രപൂജ ഈ പ്രദേശത്തെ ജനങ്ങള്‍ ആഘോഷ പൂര്‍വം കൊണ്ടാടുന്നു. പണ്ടുകാലത്തെ ഐതിഹ്യ കഥയില്‍ നിന്ന് വിഭിന്നമായി തുളുനാട്ടിലെ തുലാമാസ ഓണാഘോഷത്തിന് അനുഷ്ഠാനത്തിന്റെ അപൂര്‍വതയുമുണ്ട്. അസുരരാജാവായിരുന്ന മഹാബലിയെ അരിയിട്ട് വാഴിക്കുന്ന ‘പൊലിയന്ദ്രം’ എന്ന ആഘോഷ രീതിയാണ് കാസര്‍കോട് ജില്ലയില്‍ ഇന്നും കൊണ്ടാടുന്നത്. തുലാം മാസത്തിലെ വാവുതൊട്ടുളള മൂന്ന് ദിവസങ്ങള്‍ കാസര്‍കോട്ടെ കീഴൂരും, കാഞ്ഞങ്ങാട്ടെ പൊടവടുക്കത്തും ജില്ലയിലെ തുളുഭാഷ സ്വാധീനമുളള പ്രദേശങ്ങളിലും പൊലിയന്ദ്രം ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. പണ്ഡിതനും പാമരനുമെന്ന വ്യത്യാസമില്ലാതെ ആബാലവൃദ്ധം ജനങ്ങളും ഈ ആഘോഷത്തില്‍ പങ്കുചേരുന്നു. അവര്‍ നൂറ്റാണ്ടുകളായി തുലാമാസത്തില്‍ പൊലിയന്ദ്രം വിളിച്ച് പൂജിക്കുന്നത് മഹാബലി ചക്രവര്‍ത്തിയെയാണെന്ന് മലയാളികളായ നമ്മള്‍ അറിഞ്ഞില്ല. മലയാള നാടും അറിഞ്ഞില്ല. ജില്ലയിലെ വടക്കന്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഇതറിയാമെങ്കിലും അതു് അവരാരോടും പറഞ്ഞതുമില്ല. പൊലിയന്ദ്രം വിളി എന്ന പേരിലാണ് തുളുമേഖലകളില്‍ ഓണം ആഘോഷിക്കുന്നത്. പൊലിയുക എന്നതിനര്‍ത്ഥം ഐശ്വര്യമുണ്ടാവുക എന്നാണ്. കൊയ്ത്തുകഴിഞ്ഞ വയലുകളില്‍ നടത്തുന്നതിനാല്‍ ഒരു ഊര്‍വ്വരത അനുഷ്ഠാനമായാണ് കര്‍ഷക ജനത ഈ ആഘോഷത്തെ കാണുന്നത്. മഹാബലിയെന്ന അദൃശ്യ ശക്തിയുടെ സങ്കല്‍പ്പത്തില്‍ ആര്‍പ്പുവിളികളോടെ കൂറ്റന്‍ പാലമരം എഴുന്നളളിച്ചുകൊണ്ടുവരുന്ന ചടങ്ങോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാവുന്നത്. ജില്ലയിലെ തൃക്കരിപ്പൂര്‍ മുതല്‍ കര്‍ണ്ണാടകത്തിലെ കുന്താപുരം വരെയുളള തുളുനാട്ടില്‍ ഈ ആചാരം നടത്തപ്പെടുന്നുണ്ട്. ദീപാവലി ദിവസമാണ് പൊലിയന്ദ്രം ചടങ്ങ് നടത്തുന്നത്. കര്‍ണ്ണാടകയിലെ ജനങ്ങള്‍ ഇപ്പോളും മഹാബലിയെ ബലീന്ദ്രാ എന്നാണ് വിളിക്കുന്നത്. പരിഷ്‌കൃത സമൂഹത്തില്‍ ഈ ആചാരം ചിലയിടങ്ങളിലെ വീടുകളില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. വരാഹമിഹിരന്റെ ബൃഹത് സംഹിതയില്‍ ദൈവ പ്രതിമാ നിര്‍മ്മാണത്തെക്കുറിച്ച് പറയുന്നിടത്ത് വളരെ പ്രാധാന്യത്തോടെയാണ് ബലിയുടെ പ്രതിമകളെക്കുറിച്ച് പറയുന്നത്. കാസര്‍കോട് ജില്ലയിലെ വടക്കന്‍ പ്രദേശങ്ങളില്‍ കന്നഡിഗര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ വീടുകളില്‍ പൊലിയന്ദ്രം ചടങ്ങിനോടൊപ്പം ബലീന്ദ്ര സന്ധി എന്ന നാടന്‍ പാട്ടും പാടാറുണ്ട്. ‘ബലി മഹാരാജാവെ, അങ്ങയുടെതാണ് ഞങ്ങള്‍ ജീവിക്കുന്ന ഈ നാട്. ഏഴു കടലുകളും കടന്ന് അങ്ങ് വന്നാലും ഞങ്ങളുടെ സല്‍ക്കാരം സ്വീകരിച്ചാലും. എന്ന് സ്തുതിച്ചാണ് പാട്ടവതരിപ്പിക്കുന്നത്. പാലമരത്തിന്റെ ശിഖരങ്ങള്‍ വെട്ടിയെടുത്ത് ചിരട്ടയില്‍ തിരികത്തിച്ചുവെച്ച് അരിയെറിഞ്ഞാണ് ദീപാവലി നാളില്‍ മഹാബലി രാജാവിനെ സ്തുതിച്ചു പാടുന്നത്. ചിലയിടങ്ങളില്‍ പൊലിയന്ദ്രം വിളിച്ചും മഹാബലിയെ സ്തുതിക്കുന്നു. ആലോഷത്തിന്റെ മൂന്നാം ദിവസം സമാപനത്തില്‍ ഇനിയുള്ള കാലത്തും സമയം തെറ്റാതെ വരണമെന്ന് അപേക്ഷിക്കുന്നു. തുളുഭാഷ സംസാരിക്കുന്നവര്‍ പൊസവര്‍ഷട്ട് ബേക്ക ബല്ല (പുതിയ വര്‍ഷത്തില്‍ വേഗം വരൂ രാജാവേ) എന്നു പറഞ്ഞാണ് യാത്ര അയക്കുന്നത്. കീഴൂര്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലും ഇരിയ പൊടവടുക്കത്തെ ധര്‍മ്മശാസ്താ ക്ഷേത്രത്തിലുമാണ് ജില്ലയില്‍ ബലീന്ദ്രപൂജയും പാലക്കൊമ്പുനാട്ടല്‍ ചടങ്ങും വിപുലമായി നടക്കുന്നത്. ഇതിനു മുന്നോടിയായി പൊടവടുക്കം ക്ഷേത്രത്തിലേക്കുള്ള പൊലിയന്ത്രം പാലമുറിക്കല്‍ ചടങ്ങ് പൊടവടുക്കത്തിനടുത്തുള്ള തടിയന്‍വളപ്പില്‍ നടന്നു. കൂറ്റന്‍ പാലമരം മിനുക്കിയെടുത്തശേഷം ആര്‍പ്പു വിളികളോടുകൂടി തോളില്‍ ചുമന്നാണ് ക്ഷേത്രത്തിനടുത്ത വയലിലെത്തിച്ചത്. വലിയ മുളയേണിവെച്ചാണ് രാത്രിയില്‍ പാലമരത്തിനു മുകളിലെ തിരികള്‍ തെളിയിക്കുന്നത്. തമിഴ്നാട്ടില്‍ കൊണ്ടാടുന്ന ‘ചൊക്കപ്പനൈ’ എന്ന ആഘോഷത്തിന് ഇതുമായി ബന്ധമുണ്ടെന്ന് ഈ ആഘോഷത്തെക്കുറിച്ച് നടത്തിയ ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നു. പൊലിയന്ദ്രം ചടങ്ങ് നടക്കുന്ന ദിവസത്തെ കടലാട്ടു വാവിനും സവിശേഷമായ പ്രാധാന്യമുണ്ട്. പിതൃക്കളെ സ്വീകരിച്ച് ആദരിക്കുന്ന ദിവസമായി മലയാളനാട് ഈ ദിവസത്തെ കരുതിയിരുന്നു. മലയാളനാട് വാണിരുന്ന മഹാരാജാവിനെ അനുസ്മരിക്കാന്‍ മലയാളിക്കു രണ്ട് ആഘോഷങ്ങള്‍ ലഭിച്ചിരിക്കുന്നു. പഴമക്കാരായ മലയാളികള്‍ക്കിടയില്‍ പൊലീന്ദ്രന്റെ വാഴ്ചപോലെ മൂന്നേമുക്കാല്‍ നാഴിക എന്നൊരു ചൊല്ലുണ്ട്. ഐശ്വര്യം അധികകാലം നീണ്ടുനില്‍ക്കില്ല എന്നതാണ് ഇതിന്റെ സൂചന.