ഇന്ന് നവംബര്‍ ഒന്ന്, കേരളപ്പിറവി ദിനം. ദൈവത്തിന്റെ സ്വന്തം നാടായ കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്നേക്ക് 68 വര്‍ഷം തികയുന്നു. 1956 നവംബര്‍ ഒന്നിനാണ് മലബാര്‍, കൊച്ചി, തിരുവതാംകൂര്‍ എന്നീ നാട്ടുരാജ്യങ്ങള്‍ ഒത്തുചേര്‍ന്ന് കേരളം രൂപീകരിക്കുന്നത്.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് കേരളം ഉണ്ടാകുന്നത്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനര്‍സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍ മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് 1956 നവംബര്‍ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു.
14 ജില്ലകളും 20 ലോകസഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളും കേരളത്തിന് ഉണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള മലയാളികള്‍ ഇന്ന് കേരളപ്പിറവി ദിനം കൊണ്ടാടുന്നു. ഇത്തവണ സംസ്ഥാനം ഉപതിരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കുമ്പോഴാണ് കേരളപ്പിറവി ദിനം എത്തിയിരിക്കുന്നത്.
കേരളം എന്ന പേര് ലഭിച്ചതിന് പിന്നില്‍ നിരവധി കഥകള്‍ നിലനില്‍ക്കുന്നു. പരശുരാമന്‍ എറിഞ്ഞ മഴു അറബിക്കടലില്‍ വീണ സ്ഥലം കേരളമായി മാറിയെന്നാണ് അതില്‍ ഒരു ഐതിഹ്യം. കൂടാതെ തെങ്ങുകള്‍ ധാരാളമായി കാണുന്നതുകൊണ്ടാണ് കേരളം എന്ന പേര് ലഭിച്ചതെന്നും ചേര രാജാക്കന്മാരുടെ അധീനതയിലായിരുന്ന ചേരളം പിന്നീട് കേരളമായി മാറുകയായിരുന്നു എന്നും അറിയപ്പെടുന്നു. കാസര്‍കോട് ജില്ലാ ഭരണ സംവിധാനത്തിന്റെയും വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മലയാള ദിനാചരണവും ഭരണഭാഷ ഭാഷ വാരാഘോഷവും ഇന്ന് വിപുലമായി സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി പ്രമുഖ ചരിത്രകാരന്‍ ഡോ. സി.ബാലന്‍, കന്നട എഴുത്തുകാരന്‍ സുന്ദര ബാറടുക്ക എന്നിവരെ ആദരിക്കും. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അധ്യക്ഷത വഹിക്കും. സൈനബ് മെമ്മോറിയല്‍ ബിഎഡ് കോളേജ്,ലയണ്‍സ് ക്ലബ് കാസര്‍കോട്, കാസര്‍കോട് കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തില്‍ കേരള പിറവി ദിനത്തില്‍ സിവില്‍ സ്റ്റേഷനില്‍ മെഗാ തിരുവാതിര നടക്കും.