കാസര്‍കോട്: അയോധ്യയില്‍ നിന്നു ശബരിമലയിലേക്കുള്ള കാല്‍നട തീര്‍ത്ഥയാത്രക്കിടയില്‍ കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ നെഞ്ചുവേദനയെത്തുടര്‍ന്ന് അന്തരിച്ച അയ്യപ്പഭക്തന്‍ കൂട്‌ലു, പച്ചക്കാട്ടെ ശിവപ്രസാദിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ പാറക്കട്ട ശ്മശാനത്തില്‍ സംസ്‌കരിച്ചു.
വ്യാഴാഴ്ച രാത്രി കാസര്‍കോട്ടെത്തിച്ച മൃതദേഹം വെള്ളിയാഴ്ച രാവിലെ കൂട്‌ലു ശിവകൃഷ്ണ ഫ്രണ്ട്‌സ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിനു വച്ചു. മികച്ച പാചകവിദഗ്ധനും സൗമ്യനും എല്ലാവരുടെയും സൗഹൃദത്തിനുടമയുമായ ശിവപ്രസാദിനെ അവസാന നോക്കു കാണാന്‍ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും എത്തിയിരുന്നു. പിന്നീട് മൃതദേഹം കൂട്‌ലു പച്ചക്കാട്ടെ വീട്ടിലെത്തിച്ചു. അന്ത്യകര്‍മ്മങ്ങള്‍ക്കു ശേഷം പാറക്കട്ട ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു.