കൊല്ലം: സിപിഎം നേതാവും കൊല്ലം കരുനാഗപ്പള്ളി നഗരസഭാ ചെയര്‍മാനുമായ കോട്ടയില്‍ രാജുവിനു ലൈംഗികാരോപണത്തില്‍ ചെയര്‍മാന്‍ സ്ഥാനം നഷ്ടമായേക്കുമെന്നു സൂചന.
താല്‍ക്കാലിക ജീവനക്കാരിയോട് രാജു ലൈംഗികച്ചുവയോടെ പെരുമാറിയെന്നതിനു പൊലീസ് കേസെടുത്തു. ഇതിനെത്തുടര്‍ന്നു ചെയര്‍മാനെതിരെ പാര്‍ട്ടി നടപടികള്‍ക്കു നീക്കമാരംഭിച്ചു.
രോഗബാധിതനായ ഭര്‍ത്താവിന്റെ ചികിത്സക്ക് സഹായം തേടിയാണ് പാര്‍ട്ടി അനുഭാവിയായ താല്‍ക്കാലിക ജീവനക്കാരി സിപിഎം നേതാവായ ചെയര്‍മാനെ സമീപിച്ചതെന്നു പറയുന്നു.
സംഭവം പാര്‍ട്ടി ജില്ലാ-സംസ്ഥാന നേതൃത്വത്തെ പരാതിക്കാരി അറിയിച്ചിരുന്നു. ഇതോടൊപ്പം പൊലീസിലും പരാതിപ്പെട്ടു. പൊലീസ് കേസെടുത്തതിനു പിന്നാലെ പ്രതിപക്ഷം ചെയര്‍മാന്റെ രാജി ആവശ്യം ഉന്നയിച്ചു. പാര്‍ട്ടി ജില്ലാ നേതൃത്വം ചെയര്‍മാനോടു വിശദീകരണവും ആരാഞ്ഞു.
നഗരസഭാ ചെയര്‍മാന്‍ സ്ഥാനം ഭരണ മുന്നണിയായ ഇടതു മുന്നണി നേരത്തെ വീതം വച്ചിരുന്നു. നാലുവര്‍ഷം സിപിഎമ്മിനും ഒരു വര്‍ഷം സിപിഐക്കുമെന്നുമായിരുന്നു ധാരണ. ചെയര്‍മാന്‍ മാറിയാല്‍ത്തന്നെ ഇടതുമുന്നണിയുടെ ഭരണം പങ്കുവെയ്ക്കലുമായി ബന്ധപ്പെട്ട മുന്‍ധാരണ അനുസരിച്ചാണ് മാറ്റമെന്നു വരുത്തിത്തീര്‍ക്കാനും കഴിഞ്ഞേക്കുമെന്നു പറയുന്നു. അതേ സമയം ആരോപണം ചെയര്‍മാന്‍ നിഷേധിച്ചു.