കൊല്ലം: അമ്മായിയമ്മയെ പാറക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന മരുമകള്‍ക്ക് ജീവപര്യന്തം കഠിന തടവ്. കൊട്ടാരക്കര പുത്തൂര്‍ പൊങ്ങന്‍പാറയില്‍ ആമ്പാടിയില്‍ വീട്ടില്‍ രമണിയമ്മയെ (69) കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ മരുമകള്‍ ഗിരിതകുമാരിയെയാണ് (45) ശിക്ഷിച്ചത്. കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി എന്‍ വിനോദാണ് ശിക്ഷ വിധിച്ചത്.
രമണിഅമ്മയുടെ മൂന്ന് ആണ്‍മക്കളില്‍ ഇളയമകന്‍ വിമല്‍കുമാറിന്റെ ഭാര്യയാണ് ഗിരിതകുമാരി. പ്രതിക്ക് അയല്‍വാസിയുമായുള്ള ബന്ധം കണ്ടെത്തിയതിന്റെ വൈരാഗ്യത്തില്‍ രമണിയമ്മയെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. 2019 ഡിസംബര്‍ 11ന് ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. ആമ്പാടിയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ കിടന്നുറങ്ങുന്ന സമയം ഗിരിതകുമാരി വലിയ
പാറക്കല്ല് ബിഗ്ഷോപ്പറിലാക്കി കൊണ്ടു വന്ന് മുഖത്തും തലയിലും ഇടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. നിലവിളികേട്ട് ഓടി വന്ന ഭര്‍ത്താവ് ചന്ദ്രശേഖരപിള്ളയും മറ്റുള്ളവരും ചേര്‍ന്ന് അടുക്കള വാതില്‍ ചവിട്ടിത്തുറന്ന് പ്രവേശിച്ചപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന രമണിയമ്മയെയും പ്രതിയേയും മുറിയില്‍ കണ്ടെത്തി. ബോധരഹിതയായ രമണിയമ്മയെ പെട്ടെന്ന് തന്നെ തിരുവനന്തപുരം മെഡിക്കല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു. കേസിലെ പ്രധാന സാക്ഷിയായ ചന്ദ്രശേഖരപിള്ള വിചാരണ തുടങ്ങും മുന്‍പ് മരിച്ചു. പ്രതിയുടെ ഭര്‍ത്താവ് വിമല്‍ കുമാര്‍ പ്രതിഭാഗത്തേക്ക് കൂറുമാറി. എന്നാല്‍ കൊലപാതകത്തിന് ശേഷം വിമല്‍കുമാര്‍ ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടുന്നതിന് കുടുംബകോടതിയില്‍ കൊടുത്ത കേസിലെ ഹര്‍ജികളില്‍ പ്രതിക്ക് അവിഹിതബന്ധമുള്ളതായി ആരോപിച്ചത് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
നിലവിളികേട്ട് ഓടിയെത്തിയ സാക്ഷികളുടെ മൊഴിയും പരിഗണിച്ചാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. പുത്തൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന എസ് അരുണ്‍, ശൈലേഷ് കുമാര്‍, എസ് ഐ രതീഷ്‌കുമാര്‍ എന്നിവരാണ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം ഹാജരാക്കിയത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിസിന്‍ ജി മുണ്ടയ്ക്കല്‍ ഹാജരായി. വനിതാ സിപിഒ ദീപ്തി പ്രോസിക്യൂഷന്‍ സഹായിയായി.