കാസര്‍കോട്: ദേശീയപാതാ നവീകരണത്തിന്റെ ഭാഗമായി കുമ്പള നഗരത്തിലെ നിര്‍മാണ പ്രവൃത്തിയില്‍ അനിശ്ചിതത്വവും അശാസ്ത്രീയതയും ചൂണ്ടിക്കാട്ടി കുമ്പള പഞ്ചായത്ത് പ്രസിഡന്റ് യു.പി താഹിറ യൂസുഫ് ദേശീയപാത കേരള റീജിണല്‍ ഓഫീസര്‍ ബി.എല്‍ മീണയ്ക്ക് നിവേദനം നല്‍കി.
തിരുവനന്തപുരത്തെ ഓഫീസിലെത്തിയായിരുന്നു നിവേദനം നല്‍കിയത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കുമ്പള നഗരത്തില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ദുരിതം അദ്ദേഹത്തെ ബോധിപ്പിച്ചു. നിര്‍മാണത്തില്‍ മാറ്റം വരുത്താനും ആവശ്യപ്പെട്ടു. വ്യക്തമായ ധാരണയില്ലാതെയാണ് ഗോപാല കൃഷ്ണ ക്ഷേത്രം മുതല്‍ റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള മൂന്നുറ് മീറ്ററിലേറെയുള്ള നിര്‍മാണമെന്നും വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും താഹിറ യൂസുഫ് നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഇതേ വിഷയത്തില്‍ മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവര്‍ക്കും നിവേദനം നല്‍കി.
