മലപ്പുറം: മലപ്പുറത്ത് ഭൂമിക്കടിയില്‍ നിന്ന് സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍. മലപ്പുറം പോത്തുകല്ല് ആനക്കല്ല് ഭാഗത്താണ് സംഭവം. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. ശബ്ദം കേട്ടതോടെ ജനങ്ങൾ വീടുകളിൽ നിന്ന് ഇറങ്ങി ഓടി. അതേസമയം ഭൂമി കുലുക്കം ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. സംഭവത്തിന് പിന്നാലെ വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ചില വീടുകൾക്ക് വിള്ളലുണ്ടായിട്ടുണ്ട്. ചില വീടുകളുടെ മുറ്റത്തും വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നാണ് ലഭ്യമായ വിവരം. രാത്രി പതിനൊന്ന് മണി വരെ ഇവിടെ ഭൂചലനം ഉണ്ടായിട്ടില്ലെന്നാണ് സംസ്ഥാന ദുരന്ത നിവാരണ സമിതിയും അറിയിച്ചിരിക്കുന്നത്. ഇതോടെ ജനങ്ങളാകെ പരിഭ്രാന്തിയിലാണ്. കൂടുതൽ വിദഗ്‌ധ പരിശോധനയ്ക്ക് ശേഷമേ എന്താണ് ഇതിന്റെ കാരണമെന്ന് വ്യക്തമാവൂ എന്നാണ് വിലയിരുത്തൽ. അതേസമയം, നേരത്തെ ഉരുൾപൊട്ടൽ ഉണ്ടായ കവളപ്പാറയോട് ചേർന്ന മേഖലയാണ് ഇത്. കേരളത്തെയാകെ നടുക്കിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലുണ്ടായ സമയത്ത് അവിടെ നിന്നും ഒലിച്ചുവന്ന മൃതദേഹങ്ങൾ പോത്തുകല്ലിലായിരുന്നു കണ്ടെത്തിയത്. ഇതൊക്കെയും പ്രദേശത്തെ ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുന്ന കാര്യങ്ങളാണ്. അപ്രതീക്ഷിതമായ ഉണ്ടായ ഉഗ്രശബ്‌ദത്തിന്റെ ഞെട്ടൽ മാറാതെ നിൽക്കുകയാണ് പ്രദേശവാസികൾ.