കാസര്‍കോട്: ബേള രത്‌നഗിരിയിലെ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ ആള്‍ പിടിയില്‍. ബദിയടുക്ക മെനസിനപ്പാറ സ്വദേശി സതീശന്‍ എന്ന ദീപക്(40) ആണ് ബദിയടുക്ക പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച വൈകീട്ട് ബദിയടുക്കയിലെ ആക്രി കടയില്‍ വില്‍ക്കാനെത്തിയപ്പോള്‍, സംശയം തോന്നിയ കടക്കാരന്‍ യുവാവ് അറിയാതെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ പൊലീസെത്തി യുവാവിനെ വിശദമായി ചോദ്യം ചെയ്തു. രത്‌നഗിരിയിലെ ക്ഷേത്രത്തില്‍ മോഷണം നടത്തിയതായി യുവാവ് സമ്മതിച്ചു. ശനിയാഴ്ച പത്തുമണിയോടെയാണ് കുതിരക്കാളി ക്ഷേത്രത്തിലെയും ക്ഷേത്രത്തിന്റെ തെക്ക് വശം സ്ഥിതിചെയ്യുന്ന വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി ഉപക്ഷേത്രങ്ങളിലെയും 8 ഓട്ടുമണികള്‍ മോഷണം പോയത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ക്ഷേത്ര ഭരണസമിതി ജോയിന്‍ സെക്രട്ടറി ഉദയകൃഷ്ണ ബദിയടുക്ക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 16,000 രൂപ വിലവരുന്ന ഓട്ടുമണികളാണ് ക്ഷേത്രങ്ങളില്‍ നിന്ന് മോഷണം പോയത്. മൂന്നുകവര്‍ച്ചാ കേസുകളിലെ പ്രതിയാണ് ദീപക്. വീട്ടുമുറ്റത്ത് ഉണങ്ങാനിട്ട അടക്ക മോഷ്ടിച്ച കേസിലും, ഗോഡൗണ്‍ കുത്തിത്തുറന്ന് അടക്ക മോഷ്ടിച്ച കേസിലും അംഗനവാടിയുടെ പൂട്ട് പൊളിച്ച് പോഷകാഹാരം കവര്‍ന്ന കേസിലും പ്രതിയാണ് ദീപക്. പ്രതിയെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കി.