കണ്ണൂര്‍: സിപിഐ എം പ്രവര്‍ത്തകന്‍ എരുവട്ടി കോമ്പിലെ സി അഷറഫിനെ വെട്ടിക്കൊന്ന കേസില്‍ നാല് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ ജീവപര്യന്തം തടവിനും 80,000 രൂപവീതം പിഴയടക്കാനും തലശേരി അഡീഷനല്‍ സെഷന്‍സ് കോടതി (4) ജഡ്ജി ജെ വിമല്‍ ശിക്ഷിച്ചു. എരുവട്ടി പുത്തന്‍കണ്ടം സ്വദേശി കുട്ടന്‍ എന്ന എം പ്രനു ബാബു (34), മാവിലായി ദാസന്‍മുക്ക് സ്വദേശി ടുട്ടു എന്ന ആര്‍ വി നിധീഷ് (36), എരുവട്ടി പാനുണ്ട സ്വദേശി ഷിജൂട്ടന്‍ എന്ന വി ഷിജില്‍ (35), പാനുണ്ട ചക്യത്തുകാവിനടുത്ത ചിത്രമഠത്തില്‍ ഉജി എന്ന കെ ഉജേഷ് (34) എന്നിവരെയാണ് ശിക്ഷിച്ചത്. പിഴസംഖ്യ കൊല്ലപ്പെട്ട അഷറഫിന്റെ കുടുംബത്തിന് നല്‍കണമെന്നും കോടതി വിധിച്ചു.
കൊലപാതകത്തിന് 302 വകുപ്പ് പ്രകാരം ജീവപര്യന്തംതടവും അര ലക്ഷം രൂപ പിഴയും വധശ്രമത്തിന് 307 വകുപ്പ് പ്രകാരം 7 വര്‍ഷം തടവും 20,000 രൂപയും പരിക്കേല്‍പിച്ചതിന് 324 വകുപ്പ് പ്രകാരം 2 വര്‍ഷം തടവും 10,000 രൂപയും അന്യായമായി തടങ്കലില്‍വെച്ചതിന് 341 വകുപ്പ് പ്രകാരം ഒരുമാസം തടവിനുമാണ് പ്രതികളെ ശിക്ഷിച്ചത്. കേസിലെ പ്രതികളായിരുന്ന പാതിരിയാട് കീഴത്തൂര്‍ സ്വദേശി എം ആര്‍ ശ്രീജിത്ത് (39), പാതിരിയാട് കുഴിയില്‍പീടിക സ്വദേശി പി ബിനീഷ് (48) എന്നിവരെ വെറുതെ വിട്ടിരുന്നു. എട്ടുപേര്‍ പ്രതികളായ കേസില്‍ ഏഴും എട്ടും പ്രതികളായ എരുവട്ടി പുത്തന്‍കണ്ടം സ്വദേശി മാറോളി ഷിജിന്‍, കണ്ടംകുന്ന് നീര്‍വേലി തട്ടുപറമ്പ് റോഡ് സ്വദേശി എന്‍ പി സുജിത്ത് (29) എന്നിവര്‍ വിചാരണക്ക് മുന്‍പ് മരിച്ചിരുന്നു. 2011 മെയ് 21-നാണ് സിപിഎം പ്രവര്‍ത്തകനായ അഷ്‌റഫിനെ ആര്‍എസ്എസ്സുകാര്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. മത്സ്യവില്‍പനക്കിടെ കാപ്പുമ്മല്‍-സുബേദാര്‍ റോഡില്‍ വച്ചാണ് സംഘം അഷറഫിനെ ആക്രമിച്ചത്. ശരീരമാസകലം വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ അഷറഫ് കോഴിക്കോട് ബേബിമെമ്മൊറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മെയ് 21ന് പുലര്‍ച്ചെ മരിച്ചു. 26 സാക്ഷികളെ പ്രോസിക്യൂഷന്‍ കോടതിയില്‍ വിസ്തരിച്ചു. കൂത്തുപറമ്പ് സിഐ ആയിരുന്ന കെവി വേണുഗോപാലനാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യുഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ സി കെ ശ്രീധരന്‍ ഹാജരായി.