പി പി ചെറിയാന്‍
ഡാളസ്: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ(എഐ) ഒടുവില്‍ രണ്ട് യുഎസ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് പുതിയ ഫ്‌ലൈറ്റുകള്‍ ആരംഭിക്കുന്നു. ഈ ശൈത്യകാലത്ത് ബോയിംഗ് 777 വിമാനങ്ങള്‍ ഉപയോഗിച്ച് ആഴ്ചയില്‍ ഏഴ് വിമാനങ്ങള്‍ വരെ ഡാലസ് ഫോര്‍ട്ട് വര്‍ത്ത്(ഡിഎഫ്ഡബ്ല്യു), ലോസ് ഏഞ്ചല്‍സ് (ലാക്‌സ്) എന്നീ രണ്ടു റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ ഡിജിസിഎ അനുമതി നല്‍കി.
2024 ഡിസംബര്‍ 1-ന് സര്‍വീസ് ആരംഭിക്കുമെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറഞ്ഞു. എയര്‍ ഇന്ത്യ ഇതുവരെ ഈ റൂട്ടുകളില്‍ സര്‍വീസ് നടത്തിയിട്ടില്ലാത്തതിനാല്‍ യഥാര്‍ത്ഥ ലോഞ്ച് തീയതികള്‍ പിന്നീടെ ഉണ്ടാകുവെന്ന് വ്യവസായ നിരീക്ഷകര്‍ കരുതുന്നു. എയര്‍ ഇന്ത്യ ഡാളസ്, ലോസ് ഏഞ്ചല്‍സ് വിമാനങ്ങള്‍
എയര്‍ ഇന്ത്യയുടെ ഏറ്റവും വലിയ അന്താരാഷ്ട്ര കേന്ദ്രമായ ഡല്‍ഹിയില്‍നിന്നാണ് സര്‍വീസ് നടത്തുക.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) എയര്‍ ഇന്ത്യയുടെ ഈ റൂട്ടിലെ ശീതകാല
ഫ്‌ലൈറ്റ് ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു.
AI109/110 എന്നറിയപ്പെടുന്ന നിര്‍ദ്ദിഷ്ട ഡല്‍ഹി (DEL)ഡാളസ് (DFW) സര്‍വീസ്, ഡല്‍ഹിയില്‍ നിന്ന് 4.00 AMന് പുറപ്പെടും, തുടര്‍ന്ന് 2.40 PM-ന് ഡല്‍ഹിയില്‍ തിരിച്ചെത്തും. ഡല്‍ഹി (DEL)ലോസ് ഏഞ്ചല്‍സ് (LAX) റൂട്ടിനു AI107/108 എന്നാണ് പേര് നല്‍കിയിട്ടുള്ളത്. ഇത് ഡല്‍ഹിയില്‍ നിന്ന് 5.00 AM-ന് പുറപ്പെടും. ഉച്ചയ്ക്ക് 1.55 ന് മടങ്ങും. DEL-DFW റൂട്ട് റഷ്യന്‍ വ്യോമാതിര്‍ത്തിയിലൂടെയും അറ്റ്‌ലാന്റിക് വഴിയും പറക്കും. അതേസമയം, DEL-LAX പസഫിക് സമുദ്രത്തിന് മുകളിലൂടെയാണ് സര്‍വീസ് നടത്തുക. DEL-DFW റൂട്ടിനു 13,173 കിലോമീറ്റര്‍ ദൂരമുണ്ട്. യാത്ര പൂര്‍ത്തിയാക്കാന്‍ 15 മണിക്കൂറിലധികം വേണം. DEL-LAX റൂട്ടിന് 12,896 കിലോമീറ്ററാണ് ദൂരം. ഇതിനും 15 മണിക്കൂര്‍ സമയം വേണ്ടിവരും.