മന്ത്രം ഒന്ന്:
അസ്യ സോമ്യ മഹതോവൃക്ഷസ്യ യോ മൂലേദ്യാഹ-
ന്യാജ്ജീവന്‍ സ്രവേത്, യോമദ്ധ്യേഭ്യാഹന്യാജ്ജീവന്‍
സ്രവേത്, യോ ഗ്രേഭ്യാഹന്യാജ്ജീവല്‍ സ്രവേക്,
സ: ഏഷ: ജീവനോത്മനാനു പ്രഭുത: പേപീയമാനോ,
മോദമാനസ്തിഷ്ഠതി
സാരം: അല്ലയോ സൗമ്യ, ഈ വലിയ വൃക്ഷത്തിന്റെ ചുവട്ടില്‍ ആരെങ്കിലും വെട്ടുകയാണെങ്കില്‍ ആ വൃക്ഷം ജീവിച്ചിരിക്കുന്നതിന്റെ ലക്ഷണമായി അതില്‍ നിന്നും കറ ഒലിച്ചുവരും.
വൃക്ഷത്തിന്റെ മധ്യത്തില്‍ വെട്ടുകയാണെങ്കിലും കറ ഒലിച്ചു വരും. വൃക്ഷത്തിന്റെ മുകളിലെ അറ്റത്ത് വെട്ടുകയാണെങ്കിലും ജീവിച്ചിരിക്കുന്നതിന്റെ ലക്ഷണമായി കറ വരും.അങ്ങനെ ഈ വൃക്ഷം ജീവനാകുന്ന ആത്മാവിനാല്‍ വ്യാപിക്കപ്പെട്ടതായിട്ട് എപ്പോഴും പാനം ചെയ്തുകൊണ്ട് സന്തോഷത്തോടെ നിലനില്‍ക്കുന്നു.
ഭൂമിയില്‍ നിന്നും വെള്ളം വലിച്ചെടുത്തുകൊണ്ട് വൃക്ഷം തളിര്‍ത്ത് ഊര്‍ജ്ജസ്വലമായി ജീവിക്കുന്നു. അതിന്റെ ഏതു ഭാഗത്തു വെട്ടിയാലും ജീവന്റെ ലക്ഷണമായി കറ ഒലിച്ചുവരുന്നു. അടുത്ത മന്ത്രത്തില്‍ പറയുന്നു ഈ മരത്തിന്റെ ഏതെങ്കിലും കൊമ്പില്‍ നിന്നും ജീവന്‍ വിടുകയാണെങ്കില്‍ ആ കൊമ്പ് ഉണങ്ങി പോകുന്നു. മുഴുവന്‍ മരത്തെയും ജീവന്‍ വിടുകയാണെങ്കില്‍ മരം മുഴുവനായും ഉണങ്ങിപ്പോകുന്നു. മനുഷ്യ ശരീരത്തില്‍ സംഭവിക്കുന്നതു പോലെ തന്നെയാണ് വൃക്ഷത്തിലും ജീവന്റെ പ്രവര്‍ത്തനം. ഭൂമിയില്‍ നിന്നും വേരുകളിലൂടെ വലിച്ചെടുക്കുന്ന ആഹാരവസ്തുക്കളെ ജലത്തിന്റെ സഹായത്തോടെ ജീവന്‍ രസമയമാക്കി വൃക്ഷത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തിച്ച് അതിനെ പുഷ്ടിപ്പെടുത്തുന്നു. ഏതെങ്കിലും ഒരു കൊമ്പിന് വൈകല്യം സംഭവിക്കുമ്പോള്‍ ജീവന്‍ ആ ഭാഗത്ത് നിന്ന് പിന്‍വാങ്ങുന്നു. അവിടെ വെട്ടുമ്പോള്‍ കറ ഒലിച്ചു വരുന്നില്ല. മരത്തിന്റെ എല്ലാ ഭാഗത്തുനിന്നും ജീവന്‍ വേര്‍പെടുമ്പോള്‍ അത് ഉണങ്ങിപ്പോകുന്നു മനുഷ്യനില്‍ മരണം സംഭവിക്കും പോലെ. ഉപനിഷത്ത് കാലഘട്ടത്തിലും മറ്റു ജീവജാലങ്ങളെ പോലെ തന്നെ വൃക്ഷങ്ങള്‍ക്കും സസ്യങ്ങള്‍ക്കും ജീവനുണ്ട് എന്ന സത്യം കണ്ടെത്തിയിരുന്നു എന്ന് ഇതില്‍ നിന്നും നമുക്ക് മനസ്സിലാക്കാവുന്നതാണ്.