കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജിലെ ജോലിയില്‍ നിന്ന് പ്രശാന്തിനെ സസ്‌പെന്റ് ചെയ്തു. മെഡിക്കല്‍ കോളേജിലെ ഇലക്ട്രിക്കല്‍ ഹെല്‍പ്പറാണ് പ്രശാന്തന്‍. എഡിഎം നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണത്തിലെ പരാതിക്കാരനായ ഇയാള്‍ സര്‍വീസിലിരിക്കെ ബിസിനസ് നടത്തിയതും അനധികൃത അവധിയെടുത്തതും അടക്കം ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍. കടുത്ത അച്ചടക്ക നടപടിക്ക് മുന്നോടിയായാണ് ഈ സസ്‌പെന്‍ഷന്‍. പരിയാരം മെഡിക്കല്‍ കോളേജ് നേരത്തെ സഹകരണ സ്ഥാപനമായിരുന്നു. ഇത് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം സര്‍ക്കാര്‍ സര്‍വീസില്‍ റഗുലറൈസ് ചെയ്യാനുള്ളവരുടെ പട്ടികയിലായിരുന്നു പ്രശാന്ത് ഉണ്ടായിരുന്നത്. പെട്രോള്‍ പമ്പിന് അനുമതി നേടിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. പമ്പ് തുടങ്ങുന്നതിന് പ്രശാന്തന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ അനുമതി ചോദിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇദ്ദേഹത്തിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് നേരത്തെ ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.
