കോഴ ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതം; ആരോപണത്തിനു പിന്നില്‍ ആന്റണി രാജുവാണെന്നു തോമസ് കെ. തോമസ്

ആലപ്പുഴ: തനിക്കെതിരേ ഉയര്‍ന്ന കോഴ ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ആരോപണത്തിനു പിന്നില്‍ ആന്റണി രാജുവാണെന്നും അദ്ദേഹത്തിന് തന്നോട് എന്തിനാണ് വ്യക്തിവൈരാഗ്യമെന്ന് അറിയില്ലെന്നും എന്‍.സി.പി. നേതാവും കുട്ടനാട് എം.എല്‍.എയുമായ തോമസ് കെ. തോമസ്. തോമസ് മന്ത്രിയാകില്ലെന്നും താനൊരു ടോര്‍പിഡോ വെച്ചിട്ടുണ്ടെന്നും ആന്റണി രാജു പലരോടും പറഞ്ഞിട്ടുള്ള കാര്യം അറിയാമെന്നും ഇത് അത്തരത്തിലുള്ള ആന്റണി രാജുവിന്റെ നീക്കമാണെന്നും തോമസ് കെ തോമസ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ടുവന്ന ആരോപണങ്ങളും വാര്‍ത്തകളുമെല്ലാം അടിസ്ഥാനരഹിതമാണെന്നും താന്‍ മന്ത്രിയാകുമെന്ന ഘട്ടം വന്നപ്പോഴാണ് ഇത്തരം ആരോപണം വരുന്നതെന്നും ആലപ്പുഴയില്‍ മാധ്യമങ്ങളോട് തോമസ് കെ. തോമസ് വ്യക്തമാക്കി. മുഖ്യമന്ത്രിയെ ആന്റണി രാജു തെറ്റിദ്ധരിപ്പിച്ചതാണ്. ഉപതെരെഞ്ഞെടുപ്പിന് ശേഷം താന്‍ മന്ത്രി ആകുമെന്ന് തോമസ് കെ തോമസ് പറഞ്ഞു. മാനസികമായി തനിക്ക് അടുപ്പം ഉള്ള ആളല്ല ആന്റണി രാജു. തന്നെ ദ്രോഹിച്ചിട്ടുള്ളയാളാണ്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ഗൂഢാലോചന പരിശോധിക്കണമെന്നും തോമസ് കെ തോമസ് പറഞ്ഞു. എന്‍സിപിയിലെ എതിര്‍ ചേരിയുടെ ഇടപെടലും പാര്‍ട്ടിയുമായി ബന്ധമുള്ള പാര്‍ട്ടിക്ക് വെളിയിലുള്ളവരുടെ പങ്കും താന്‍ തള്ളിക്കളയുന്നില്ല. എകെ ശശീന്ദ്രന്‍ നല്ല മന്ത്രി ആണ്. മന്ത്രി മാറ്റം പാര്‍ട്ടി തീരുമാനം ആണെന്നും തോമസ് കെ തോമസ് പറഞ്ഞു. കുട്ടനാട് സീറ്റ് തട്ടിയെടുക്കാനുള്ള ആന്റണി രാജുവിന്റെ ശ്രമമാണ് ഈ ആരോപണത്തിനു പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍.ഡി.എഫിലെ രണ്ട് എം.എല്‍.എമാരെ എന്‍.സി.പി അജിത് പവാര്‍ പക്ഷത്തെത്തിക്കുന്നതിന് 100 കോടി രൂപ തോമസ് കെ. തോമസ് വാഗ്ദാനം ചെയ്തെന്നായിരുന്നു അദ്ദേഹത്തിനെതിരേ ഉയര്‍ന്ന ആരോപണം. മുന്‍ മന്ത്രിയും ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ഏക എം.എല്‍.എയുമായ ആന്റണി രാജുവിനും ആര്‍.എസ്.പി ലെനിനിസ്റ്റ് നേതാവ് കോവൂര്‍ കുഞ്ഞുമോനും 50 കോടി വീതം വാഗ്ദാനം ചെയ്തെന്നായിരുന്നു ആരോപണം. എന്നാല്‍ ഇക്കാര്യം കോവൂര്‍ കുഞ്ഞുമോന്‍ നിഷേധിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page