പാലക്കാട്: പാലക്കാട്ട് സിപിഎമ്മില്‍ പൊട്ടിത്തെറി. പാലക്കാട് ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ടു. ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു വളരെ മോശമായി പെരുമാറുന്നുവെന്നും യോഗത്തില്‍ വച്ച് തന്നെ അവഹേളിച്ചെന്നും അബ്ദുള്‍ ഷുക്കൂര്‍ ആരോപിച്ചാണ് പാര്‍ടിയില്‍ നിന്ന് പിന്‍ വാങ്ങിയത്. താന്‍ പാര്‍ടിക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു, എന്നാല്‍ നേരിടുന്നത് കടുത്ത അവഗണനയാണ്. ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നതും പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നുവെന്നും അബ്ദുല്‍ ഷുക്കൂര്‍ പ്രതികരിച്ചു. അതേസമയം
ഷുക്കൂര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുമോയെന്നാണ് ഇനി അറിയേണ്ടത്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അബ്ദുള്‍ ഷുക്കൂറുമായി ആശയ വിനിമയം നടത്തിയതായാണ് വിവരം. കോണ്‍ഗ്രസില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടക്കുകയാണ്. അതേസമയം, ഷുക്കൂറിനെ അനുനയിപ്പിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് സിപിഎമ്മും. ഷുക്കൂറിന്റെ വീട്ടില്‍ എന്‍ എന്‍ കൃഷ്ണദാസ് അടക്കമുള്ളവരെത്തി ബന്ധുക്കളുമായി സംസാരിച്ചിരുന്നു.
അതേസമയം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചതോടെ പ്രചാരണം രണ്ടാംഘട്ടത്തിലേക്ക് കടന്നു. ഇന്ന് എല്‍ഡിഎഫിന്റെ ആദ്യതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.
