കാസര്‍കോട്: ഭീമനടി കമ്മാടം പാലക്കുന്നില്‍ കടുവ ഇറങ്ങിയതായി വ്യാജ പ്രചരണം. രണ്ടു ഫോട്ടോ സഹിതം ശബ്ദ സന്ദേശം വ്യാപകമായി പ്രചരിച്ചതോടെ പ്രദേശവാസികളും ഭയപ്പാടിലായി. ഞായറാഴ്ച രാവിലെ ആടിനെ കുടുവ കൊന്നെന്നെന്നും ആളുകള്‍ സൂക്ഷിക്കുകയെന്നുമാണ് പ്രചരണം. പരിഭ്രാന്തിയിലായ നാട്ടുകാര്‍ വനം വകുപ്പിന്റെ ഓഫീസില്‍ വിവരമറിയിച്ചതോടെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഭീമനടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ലക്ഷ്മണന്‍, ഉദ്യോഗസ്ഥരായ യഥുകൃഷ്ണന്‍, സുധീഷ് എന്നിവരുടെ നേതൃത്വത്തില്‍ കാല്‍പാടുകളും മറ്റും പരിശോധിച്ചു. കടുവയുടെയോ, പുലിയുടെയോ സാന്നിധ്യം പ്രദേശത്ത് കണ്ടെത്താനായില്ല. അതേസമയം ആടിനെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. അത് വേറെ ഏതെങ്കിലും ജീവി കടിച്ചുകൊന്നതാകാമെന്നാണ് അധികൃതര്‍ പറയുന്നത്. കടുവയെ കണ്ടു എന്നുപറയുന്ന സ്ഥലത്ത് രാത്രി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. പ്രചരിച്ച വാര്‍ത്ത തെറ്റാണെന്നും പ്രദേശത്ത് കടു എത്താന്‍ യാതൊരു സാധ്യതയില്ലെന്നും അധികൃതര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയ ആള്‍ക്കെതിരെ നടപടിയെടുക്കാന്‍ ചിറ്റാരിക്കാല്‍ പൊലീസില്‍ വനം വകുപ്പ് പരാതി നല്‍കിയിട്ടുണ്ട്.
