കാസര്‍കോട്: ബിവറേജ് ഔട്ട്‌ലറ്റുകളില്‍ നിന്നും അളവില്‍ കൂടുതല്‍ മദ്യം കൊണ്ടുപോകുന്നതായി പരാതി. കാസര്‍കോട് എക്‌സൈസ് നടത്തിയ പരിശോധനയില്‍ 9 ലിറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റിലായി. കുമ്പള കോട്ടേക്കര്‍ വീട്ടില്‍ ദയാനന്ദ ആണ് പിടിയിലായത്. കാസര്‍കോട് കെപിആര്‍ റാവു റോഡില്‍ ഷാലിമാര്‍ റെസ്റ്റോറന്റിന് മുന്നില്‍ വച്ചാണ് മദ്യം വാങ്ങിവരുന്നതിനിടെ എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫിസര്‍ കെ വി രഞ്ജിത്തും സംഘവും പിടികൂടിയത്. അരലിറ്റര്‍ വീതമുള്ള 18 ബോട്ടില്‍ മദ്യമാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. ജാമ്യം നല്‍കാവുന്ന കേസായതിനാല്‍ പ്രതിയെ ജാമ്യംനല്‍കി വിട്ടയച്ചു. സിവില്‍ എക്‌സൈസ് ഓഫീസര്‍ നിധീഷ് കെ, അബ്ദുള്‍ അസീസ് എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.വാഹനപരിശോധനയില്‍ കുമ്പള കഞ്ചിക്കട്ട റോഡില്‍ മളി എന്ന സ്ഥലത്ത് വെച്ച് അളവില്‍ കൂടുതല്‍ 13 ബിയര്‍ ലിറ്റര്‍ കൈവശം വച്ച കുറ്റത്തിന് കഞ്ചികട്ട മളി സ്വദേശി അരുണ്‍ ശര്‍മ്മക്കെതിരെ അബ്കാരി കേസെടുത്തു.
