കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച 25 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യവുമായി കുഡ്‌ലു സ്വദേശി അറസ്റ്റിലായി. കുഡ്‌ലു ഗോപാലകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ പ്രവീണ്‍കുമാര്‍ ആണ് കുമ്പള റേഞ്ച് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ മഞ്ചേശ്വരം ചെക്ക് പോസ്റ്റിന് സമീപത്തുവച്ചാണ് ഇയാള്‍ പിടിയിലായത്. പ്ലാസ്റ്റിക് ചാക്കിലാണ് 25.92 ലിറ്റര്‍ മദ്യം സൂക്ഷിച്ചത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി ഗംഗാധരനും സംഘവും നടത്തിയ വാഹന പരിശോധനക്കിടെയാണ് മദ്യക്കടത്ത് പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ ബി.എസ് മുഹമ്മദ് കബീര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ജി.എസ് ലിജു എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
