ഖണ്ഡം പത്ത്, മന്ത്രം ഒന്നും രണ്ടും:
ഇമാ സോമ്യ നദ്യ: പുരസ്താത് പ്രാച്യ സ്യന്ദന്തേ
പശ്ചാത് പ്രതീച്യസതാ: സമുദ്രാത് സമുദ്രമേവാ-
പിയന്തി, സ സമുദ്രഏവ ഭവതി. തായഥാ തത്ര ന
വിദുരിയമസ്മീയമഹമസ്മീതി.
ഏവമേവ ഖലുസോമ്യ ഇമാ: സര്‍വ്വാ: പ്രജാ: സതാ:
ആഗമ്യ ന വിദു: സത ആഗച്ഛാമഹഇതി, തഇഹ
വ്യാഘ്യോ വാ സിംഹോ വാ വൃകോ വാ പരാഹോ വാ
കീടോ വാ പതം ഗോവാ ദംശോ വാ മശകോ വാ
യദ് യദ് ഭവന്തി തദാ ഭവന്തി
സാരം: ഗംഗ മുതലായ നദികള്‍ കിഴക്കോട്ടൊഴുകിയും, സിന്ധു മുതലായ നദികള്‍ പടിഞ്ഞാറോട്ടൊഴുകിയും സമുദ്രത്തില്‍ ചെന്നു ചേരുന്നു. എന്നാല്‍ സമുദ്രത്തില്‍ ചെന്നു ചേരുന്ന നദികള്‍ക്ക് പിന്നീട് തങ്ങള്‍ ഏതു നദിയായിരുന്നു എന്നു തിരിച്ചറിയാന്‍ സാധിക്കുന്നില്ല. അതേ സമുദ്രജലം ബാഷ്പീകരിച്ച് മേഘമായി മഴയായി ഭൂമിയില്‍ പെയ്തിറങ്ങി അവ വീണ്ടും നദികളായി മാറുന്നു. അവ വീണ്ടും സമുദ്രത്തില്‍ ചെന്ന് സമുദ്രജലവുമായി ഏകീഭവിക്കുന്നു. ഇതുപോലെ അല്ലയോ സൗമ്യ, എല്ലാ പ്രജകളും സത്തില്‍ നിന്നും ഉണ്ടായിട്ടും അവ തങ്ങള്‍ സത്തില്‍ നിന്നുണ്ടായി എന്ന് തിരിച്ചറിയുന്നില്ല. അവ എപ്രകാരമാണോ പല ജീവജാലങ്ങളായിരുന്ന്, നിദ്രയില്‍ സത്തില്‍ ഏകീഭവിച്ച് ഒന്നായിത്തീരുന്നത്, നിദ്രയില്‍ നിന്നുണരുമ്പോള്‍ അവ അതാതു രൂപത്തില്‍ തന്നെ തിരിച്ചും പോകുന്നു.
അല്ലയോ സൗമ്യ, ആ സൂക്ഷ്മ ഭാവം തന്നെയാണ് ഈ ജഗത്തിന്റെയെല്ലാം ആത്മാവായിരിക്കുന്നത്. അതു മാത്രമാണ് സത്യമായിട്ടുള്ളത്. എല്ലാറ്റിന്റെയും ആത്മാവായിട്ടുള്ളതും അതു തന്നെയാണ്. അല്ലയോ ശ്വേതകേതോ, അത് നീ തന്നെയാകുന്നു എന്ന് ഉദ്ദാലകന്‍ പറഞ്ഞപ്പോള്‍ ഉത്സാഹഭരിതനായ ശ്വേതകേതു വീണ്ടും പിതാവിനോടു പറഞ്ഞു. ‘അല്ലയോ ഭഗവാനേ, അങ്ങ് അത് അല്‍പം കൂടി എനിക്ക് വ്യക്തമാക്കിത്തരണം’. അപ്പോള്‍ ഉദ്ദാലകന്‍ ‘അങ്ങനെയാകട്ടെ’ എന്ന് സമ്മതിച്ചു. ഇതോടെ പത്താം ഖണ്ഡം സമാപിച്ചു.
(തുടരും)