കെന്റക്കി: മാതാവിനെ വെട്ടിനുറുക്കി കഷണങ്ങളാക്കി കറിവെച്ച സംഭവത്തില്‍ മകള്‍ പിടിയില്‍. കെന്റക്കിയിലെ മൗണ്ട് ഒലിവെറ്റിലാണ് സംഭവം. 68 കാരിയായ ട്രൂഡി ഫീല്‍ഡ്സിനെ കൊന്ന 32 കാരിയായ മകള്‍ ടൊറിലെന മെയ് ഫീല്‍ഡ്സ് ആണ് അറസ്റ്റിലായത്. ട്രൂഡിയെ നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിച്ചും പിന്നീട് വെടിവെച്ചുമാണ് യുവതി കൊലപ്പെടുത്തിയത്. പിന്നാലെ ചെറു കഷണങ്ങളാക്കി മുറിച്ച് അടുക്കളയില്‍ കറിവെക്കുകയായിരുന്നു. വീട്ടുജോലിക്കാരന്‍ വളപ്പില്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ജോലിക്കാരന്‍ വിവരം ഉടനെ പൊലീസിലറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസെത്തി നടത്തിയ പരിശോധനയില്‍ രക്തക്കറ പിടിച്ച കട്ടിലുകളും ശരീരഭാഗങ്ങളും പൊലീസ് കണ്ടെത്തി. ടൊറിലെനയോട് പൊലീസ് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും സെര്‍ച്ച് വാറണ്ട് ഇല്ലാത്ത സാഹചര്യത്തില്‍ സംസാരിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ മടക്കിയയക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ യുവതിയെ ബലം പ്രയോഗിച്ച് പുറത്താക്കിയ പൊലീസ് വീടിനകത്ത് നടത്തിയ തിരച്ചിലില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി. അടുക്കളയിലെ ഒരു പാത്രത്തില്‍ ശരീരഭാഗം പാചകം ചെയ്ത നിലയിലും കണ്ടെത്തിയിരുന്നു. മന്ത്രവാദമാകാം യുവതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും കുടുംബം ആരോപിച്ചു. കാലിഫോര്‍ണിയയിലേക്ക് മാറിയതോടെയാണ് യുവതിയുടെ സ്വഭാവത്തില്‍ മാറ്റങ്ങളുണ്ടായതെന്നാണ് ബന്ധുക്കളുടെ പ്രതികരണം.
ഗായികയാകാന്‍ വേണ്ടിയാണ് ടൊറിലെന കാലിഫോര്‍ണിയയില്‍ എത്തുന്നത്. യുവതിക്ക് കാലിഫോര്‍ണിയയിലായിരിക്കെ അപകടം സംഭവിച്ചിരുന്നുവെന്നും തലച്ചോറിന് ഗുരുതര പരിക്കേറ്റിരുന്നുവെന്നും സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.