കാസര്‍കോട്: കാസര്‍കോട്ടെ ബീച്ച് റോഡ് ഇനി ക്രിക്കറ്റ് താരം ഗവാസ്‌കറുടെ പേരില്‍ അറിയപ്പെടും. ബാങ്ക് റോഡില്‍ നിന്ന് ബീച്ചിലേക്കുള്ള നെല്ലിക്കുന്ന് ബീച്ച് റോഡാണ് പുനര്‍നാമകരണം ചെയ്ത് സുനില്‍ ഗാവസ്‌ക്കര്‍ ബീച്ച് റോഡ് എന്നാക്കുന്നത്. മൂന്നുകിലോമീറ്റര്‍ ദൂരമുള്ള റോഡിന് ഗാവസ്‌ക്കറിന്റെ പേര് നല്‍കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. കത്ത് നല്‍കിയത് പ്രകാരമാണ് ഇക്കാര്യം കൗണ്‍സില്‍ യോഗത്തില്‍ അജന്‍ഡയാക്കിയതെന്നു ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു. ഗാവസ്‌ക്കറിന്റെ കൂടി സൗകര്യം കണക്കിലെടുത്ത് നവംബറിലോ ഡിസംബറിലോ റോഡിന്റെ ഉദ്ഘാടനം നടത്തുമെന്നും റോഡിന് പേരിടാന്‍ ഗാവസ്‌ക്കര്‍ തന്നെ എത്തുമെന്നും അധികൃതര്‍ പറഞ്ഞു. ഗാവസ്‌ക്കറുമായി അടുത്തുബന്ധമുള്ള ഗള്‍ഫ് വ്യവസായി തളങ്കര സ്വദേശി ഖാദര്‍ തെരുവത്തിന്റെ ഇടപെടലും ഇതിന് പിന്നിലുണ്ട്. മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായിരുന്ന അനില്‍ കുംബ്ലെയുടെ പേരിലും ജില്ലയില്‍ റോഡുണ്ട്. കുമ്പള ഗ്രാമപ്പഞ്ചായത്ത് നിര്‍മിച്ച കുമ്പള ടൗണിന് സമീപമുള്ള ഈ റോഡ് 2010 ജൂണ്‍ 27-ന് അനില്‍ കുംബ്ലെ നേരിട്ടെത്തിയാണ് ഉദ്ഘാടനം ചെയ്തത്.
