-പി പി ചെറിയാന്‍
ജോര്‍ജിയ: ഹെലിന്‍ ചുഴലിക്കാറ്റിന്റെ ആഘാതത്തിനും വ്യവഹാരങ്ങളുടെ കുത്തൊഴുക്കിനും വിവാദ തിരഞ്ഞെടുപ്പ് ഭരണമാറ്റങ്ങള്‍ കൊണ്ടും പൊറുതിമുട്ടുന്ന നിര്‍ണായക യുദ്ധഭൂമിയായ ജോര്‍ജിയയില്‍ ചൊവ്വാഴ്ച നടന്ന ആദ്യദിനത്തിലെ ഏര്‍ലി വോട്ടുകളുടെ എണ്ണത്തില്‍ റെക്കാര്‍ഡ് രേഖപ്പെടുത്തി.
ചൊവ്വാഴ്ച 300,000-ലധികം ബാലറ്റുകളാണ് രേഖപ്പെടുത്തിയതെന്ന് ജോര്‍ജിയ സ്റ്റേറ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഓഫീസിലെ ഗേബ് സ്റ്റെര്‍ലിംഗ് എക്സില്‍ പറഞ്ഞു. 2020ല്‍ 136,000 ആയിരുന്നു ആദ്യ ദിന വോട്ടിംഗ് റെക്കോര്‍ഡ് -സ്റ്റെര്‍ലിംഗ് പറഞ്ഞു.
സ്വിംഗ് സംസ്ഥാനമായ ജോര്‍ജിയ ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നുണ്ട്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാല് വര്‍ഷം മുമ്പ് പ്രസിഡന്റ് ജോ ബൈഡനോട് ചെറിയ വ്യത്യാസത്തില്‍ പരാജയപ്പെട്ടതിന് ശേഷം വിജയം വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന തിരഞ്ഞെടുപ്പെന്ന പ്രാധാന്യം ഇതിനുണ്ട്. സ്റ്റേറ്റില്‍ പോള്‍ ചെയ്ത 5 ദശലക്ഷം ബാലറ്റുകളില്‍ വെറും 11,779 വോട്ടുകള്‍ക്കാണ് ബൈഡന്‍ ട്രംപിനെ പരാജയപ്പെടുത്തിയത്.