കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യക്കെതിരെ എഡിഎമ്മിൻ്റെ സഹോദരൻ പ്രവീൺ ബാബു പൊലീസിൽ പരാതി നൽകി. പിപി ദിവ്യ, എഡിഎം നവീൻ ബാബുവിനെ ദിവ്യ ഭീഷണിപ്പെടുത്തിയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്നും അഭിഭാഷകൻ കൂടിയായ പ്രവീൺ ബാബുവിൻ്റെ പരാതിയിൽ ആവശ്യപ്പെടുന്നു. കൂടാതെ, ദിവ്യയുടെയും പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും പരാതിയിൽ ഉണ്ട്. എന്നാൽ ഡ്രൈവർ എം. ഷംസുദ്ദീൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത പ്രഥമവിവര റിപ്പോർട്ടിൽ ഏതോ മാനസികവിഷമത്തിൽ കിടപ്പുമുറിയിലെ ഫാനിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങി മരിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് 6.20-നും ചൊവ്വാഴ്ച രാവിലെ എട്ടിനും ഇടയിൽ പള്ളിക്കുന്ന്
കൃഷ്ണമേനോൻ വനിതാ കോളേജിന് സമീപത്തെ ക്വാർട്ടേഴ്‌സിൽ സംഭവം നടന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഭാരതീയ ന്യായ് സംഹിതയിലെ 194-ാം വകുപ്പാണ് ചേർത്തിരിക്കുന്നത്. പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം നവീൻ ബാബുവിന്റെ മൃതദേഹം പുലർച്ചെ 01.30 യോടെ ബന്ധുക്കൾ നാട്ടിലേക്കു കൊണ്ടുപോയി. കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ, കാസർകോട് ജില്ലാ കലക്ടർ കെ. ഇൻപശേഖരൻ, മുൻ എംഎൽഎമാരായ എം വി ജയരാജൻ, ടി വി രാജേഷ്, സബ് കളക്ടർ കാർത്തിക് പാണിഗ്രഹി, അസിസ്റ്റന്റ് കലക്ടർ ഗ്രന്ഥേ സായികൃഷ്ണ, എഡിഎം ഇൻ ചാർജ് ശ്രുതി കെ വി, സർവീസ് സംഘടനാ നേതാക്കൾ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു. മൃതദേഹത്തെ കണ്ണൂർ റവന്യു വകുപ്പിൽനിന്നുള്ള ഉദ്യോഗസ്ഥ സംഘം പത്തനംതിട്ടയിലേക്ക് അനുഗമിച്ചു.
