കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. പി.പി ദിവ്യ പൊതുവേദിയില്‍ അപമാനിച്ചതു സഹിക്കാനാവാതെ എ ഡി എം നവീന്‍ ബാബു ജീവനൊടുക്കേണ്ടി വന്ന സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമപരമായ നടപടികള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്.
സംഭവത്തില്‍ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ ഭരണകൂടത്തിന് നോട്ടീസ് അയച്ചു. ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും പരാതി പരിശോധിച്ച് രണ്ടാഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
നവംബര്‍ 19-ന് കണ്ണൂര്‍ ഗവ.ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കുന്നതാണ്. എ ഡി എമ്മിന് ജീവനക്കാര്‍ നല്‍കിയ യാത്രയയപ്പ് സമ്മേളനത്തില്‍ ക്ഷണിക്കപ്പെടാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എഡിഎമ്മിനെ അഴിമതിക്കാരനാക്കിയെന്നാണ് പരാതി. മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. വി ദേവദാസ് നല്‍കിയ പരാതിയിലാണ് നടപടി. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്ക്കും പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ പ്രശാന്തിനെതിരെയും നവീന്‍ ബാബുവിന്റെ സഹോദരനും പൊലീസില്‍ പരാതി നല്‍കി. നവീന്‍ ബാബുവിനെ പരസ്യമായി ഭീഷണിപ്പെടുത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.
