കാസര്‍കോട്: നീലേശ്വരം അഴിത്തല പുലിമുട്ടിന് സമീപം മല്‍സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തില്‍പെട്ടു. ഒരാള്‍ മരിച്ചു. ഒരാളെ കാണാതായി. പരപ്പനങ്ങാടി സ്വദേശി അബൂബക്കര്‍ (58) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് അപകടം. മാവിലാക്കടപ്പുറത്തുനിന്ന് മല്‍സ്യബന്ധനത്തിന് പോയ ഫൈബര്‍ ബോട്ടാണ് അപകടത്തില്‍പെട്ടത്. 37 പേരാണ് ബോട്ടിലുണ്ടായതെന്നു പറയുന്നു. ബോട്ട് മുങ്ങിയപ്പോള്‍ 9 പേര്‍ ബോട്ടിന്റെ കരിയര്‍ വള്ളത്തില്‍ രക്ഷപെട്ടു. 26 പേരെ തീരദേശ പൊലീസും ഫിഷറീസ് റസ്‌ക്യൂ ടീമും ചേര്‍ന്ന് രക്ഷപെടുത്തി. രക്ഷപ്പെട്ടവരില്‍ ഒമ്പതുപേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
പടന്ന സ്വദേശിയുടെ ഇന്ത്യന്‍ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം ചെട്ടിപ്പടി സ്വദേശികളും ഒറീസ, തമിഴ്‌നാട് സ്വദേശികളുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് നീന്തികയറിയവരെ രക്ഷപ്പെടുത്തിയത്. ശക്തമായ തിരയില്‍പ്പെട്ടാണ് ബോട്ട് മറിഞ്ഞത്.
