കോഴിക്കോട്: ആദ്യകാല നാടക-സിനിമാ ഗായിക മച്ചാട്ട് വാസന്തി (81) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വർഷങ്ങൾക്കു മുൻപ് അപകടത്തിൽ പരുക്കേറ്റിരുന്ന വാസന്തി വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 13-ാം വയസിൽ പാടിയ ‘പച്ചപ്പനംതത്തേ…’ എന്ന ഗാനത്തിലൂടെയാണ് മച്ചാട്ട് വാസന്തി ശ്രദ്ധേയയായത്.സംഗീതസംവിധായകൻ ബാബുരാജാണ് വാസന്തിയെ സിനിമയിലെത്തിച്ചത്. വിപ്ലവഗായകനും റേഡിയോ കലാകാരനുമായ മച്ചാട്ട് കൃഷ്ണന്റെ മകളാണ് മച്ചാട്ട് വാസന്തി. ആദ്യകാലത്ത് നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആകാശ വാണിയിലും നിരവധി പാട്ടുകൾ പാടി.ഓളവും തീരവും സിനിമയിൽ ബാബുരാജിന്റെ സംഗീതത്തിൽ കെ.ജെ.യേശുദാസിനൊപ്പം പാടിയ ‘മണിമാരൻ തന്നത് പണമല്ല പൊന്നല്ലാ..മധുരക്കിനാവിന്റെ കരിമ്പുതോട്ടം..’ എന്ന പാട്ടിലൂടെയാണ് മച്ചാട്ട് വാസന്തിയെ ജനപ്രിയയാക്കിയത്. രാമു കാര്യാട്ടിന്റെ മിന്നാമിനുങ്ങ് എന്ന ചിത്രത്തിൽ, ബാബുരാജ് ഈണം പകർന്ന ‘തത്തമ്മേ തത്തമ്മേ നീ പാടിയാൽ അത്തിപ്പഴം തന്നിടും…’, ‘ആരു ചൊല്ലിടും ആരു ചൊല്ലിടും…’ എന്നീ പാട്ടുകൾ ഏറെ ഹിറ്റായിരുന്നു. കണ്ണൂരിൽ നടന്ന കിസാൻ സഭാ സമ്മേളന വേദിയിലാണ് ആദ്യമായി വാസന്തി പാടുന്നത്. അന്ന് ഇ കെ നായനാർ പാടാൻ അറിയാമെന്ന് അറിഞ്ഞപ്പോൾ ഒൻപത് വയസുള്ള വാസന്തിയെ വേദിയിലേക്ക് സദസിൽ നിന്ന് എടുത്ത് കയറ്റുകയായിരുന്നു. അരങ്ങിന്റെ ലോകത്ത് വാസന്തി എത്തിയത് മലയാള നാടകത്തിന്റെ സുവർണകാലത്ത്. പി ഭാസ്കരൻ, വയലാർ, ഒ എൻ വി എന്നിവരുടെ പാട്ടുകൾ. ഈണമിടുന്നത് എം എസ്ബാബുരാജും കെ രാഘവനും. പാർടി സമ്മേളനങ്ങളിലും സംഗീത പരിപാടികളിലും സാന്നിധ്യമായി. തുടർന്ന് പ്രഗത്ഭർക്കൊപ്പം അരങ്ങിൽ. കെപിഎസിയുടെ “നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യിൽ അഭിനേത്രിയായത് യാദൃച്ഛികം. ബാലതാരം വിജയകുമാരിക്ക് അസുഖമായപ്പോൾ പകരക്കാരിയാക്കിയത് തോപ്പിൽ ഭാസി. പി ജെ ആന്റണിയുടെ “ഉഴവുചാൽ’ നാടകത്തിൽ മൂന്ന് വർഷത്തോളം വേഷമിട്ടു. ബാലൻ കെ നായരും നെല്ലിക്കോട് ഭാസ്ക്കരനും ട്രൂപ്പിൽ. ഉഴവുചാലിലെ വിലാസിനി, നെല്ലിക്കോടിന്റെ തിളക്കുന്ന കടലിലെ ശാന്തടീച്ചർ, ബാലൻ കെ നായർ, കുഞ്ഞാണ്ടി ടീം ഒരുക്കിയ ഈഡിപ്പസിലെ ജെക്കോസ്റ്റ, തിക്കോടിയന്റെ പരകായപ്രവേശത്തിലെ അഞ്ജലി, കുതിരവട്ടം പപ്പു, കെ പി ഉമ്മർ തുടങ്ങിയവർ ഒരുക്കിയ കറുത്ത പെണ്ണിലെ ആമിന, ബഹദൂറിന്റെ ബല്ലാത്ത പഹയനിലെ സൽമ, കണ്ടം ബെച്ച കോട്ടിലെ കുഞ്ഞീബി തുടങ്ങിയ കഥാപാത്രങ്ങൾ ശ്രദ്ധേയം. വാർത്ത, പഞ്ചാഗ്നി, അക്ഷരത്തെറ്റ്, അനുബന്ധം, കടലോരക്കാറ്റ്, ഭരണകൂടം, ചന്ത, ഗോഡ്ഫാദർ, ഏയ് ഓട്ടോ, അനുഭൂതി, മഴ പെയ്യുമ്പോൾ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ഭാനുപ്രകാശ് എഴുതിയ മച്ചാട്ട് വാസന്തിയുടെ ജീവചരിത്രം”പച്ചപ്പനന്തത്ത–-കമ്യൂണിസ്റ്റ് ഗായികയുടെ ജീവിതവും കാലവും’ പുസ്തകത്തിന്റെ കഴിഞ്ഞ മേയിൽ കോഴിക്കോട്ട് നടന്ന പ്രകാശനത്തിലാണ് അവസാനം പങ്കെടുത്തത്. കലാപ്രവർത്തനങ്ങൾക്കായി കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്ക് താമസം മാറിയിരുന്നു. ഫാറൂഖ് കോളേജ് തിരിച്ചിലങ്ങാടിക്ക് സമീപമാണ് താമസം. കലാസാഗർ മ്യൂസിക് ക്ലബ് സെക്രട്ടറിയായിരുന്ന പരേതനായ പി കെ ബാലകൃഷ്ണനായിരുന്നു ഭർത്താവ്. അമ്മ: പരേതയായ കല്യാണി. മക്കൾ: മുരളി (സിപിഐ എം ഫാറൂഖ് കോളേജ് കൊറ്റമംഗലം ബ്രാഞ്ച് അംഗം), സംഗീത. മരുമക്കൾ: സോമശേഖരൻ, സുനിത. സഹോദരങ്ങൾ: മച്ചാട്ട് ശശി (കണ്ണൂർ), മച്ചാട്ട് ശ്യാമള (ചെറുവണ്ണൂർ), പരേതരായ സുപ്രിയ, വത്സല, മീര.
