കാസർകോട്: കുമ്പള മാട്ടംകുഴിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ പിക്കപ്പ് വാനിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തു. ക്രിമിനൽ കേസുകളിൽ പ്രതികളായ മൂന്ന് പേർ അറസ്റ്റിൽ. കുണ്ടങ്കേരടുക്ക താമസക്കാരനും പാലക്കാട് സ്വദേശിയുമായ മനോഹരൻ (35), തമിഴ്നാടു ഡിണ്ടിഗൽ സ്വദേശിയും ശാന്തിപ്പള്ളം താമസക്കാരനുമായ സെൽവരാജ്(24), കോയിപ്പാടി കടപ്പുറം സ്വദേശി സാദിഖ്(33)എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. കുമ്പള പൊലീസ് നടത്തിയ പതിവ് പട്രോളിങ്ങിനിടയിൽ മാട്ടംകുഴിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പിക്കപ്പ് വാൻ തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു. പരസ്പര വിരുദ്ധമായ മറുപടി പറഞ്ഞ പിക്കപ്പ് വാനിലെ യാത്രക്കാരെ ചോദ്യം ചെയ്തതോടെയാണ് മയക്കു മരുന്ന് കടത്ത് വ്യക്തമായത്. പിക്കപ്പ് വാനിൽ നിന്ന് 2.2 ഗ്രാം എംഡി എം എ കണ്ടെടുത്തു. പോക്സോ കേസിലെ പ്രതിയാണ് പിടിയിലായ സെൽവരാജ്. സംഭവത്തെ തുടർന്ന് സാദിക്കിനെതിരെ കാപ്പയും ചുമത്തി. കുമ്പള ഇൻസ്പെക്ടർ കെ വി വിനോദ് കുമാറിന്റെയും എസ് ഐ കെ ശ്രീജേഷിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രതികളെ തിങ്കളാഴ്ച കാസർകോട് കോടതിയിൽ ഹാജരാക്കും. കാസർകോട് ജില്ല പൊലീസ് മേധാവി ഡി. ശില്പയുടെ എൻ ഡി പി എസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ആണ് പൊലീസ് പരിശോധന നടത്തിയത്.
