കാസര്‍കോട്: സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട യുവാവിനെ 850 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. നീലേശ്വരം,പേരോല്‍ തെക്കന്‍ ബങ്കളത്തെ മൂലക്കെ വീട്ടിലെ എം.വി രഞ്ജിത്തി(38)നെയാണ് മേല്‍പ്പറമ്പ് എസ്.ഐ വി.കെ അനീഷ് അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.15ന് പൊയ്‌നാച്ചി സെന്റ്‌മേരീസ് ചര്‍ച്ചിനു മുന്‍വശത്തുള്ള സര്‍വ്വീസ് സ്റ്റേഷനു മുന്നില്‍ നില്‍ക്കുകയായിരുന്നു രഞ്ജിത്ത്. ഈ സമയത്താണ് പട്രോളിംഗ് നടത്തുകയായിരുന്ന എസ്.ഐ.യും സംഘവും എത്തിയത്. സംശയം തോന്നി യുവാവിന്റെ ദേഹപരിശോധന നടത്തിയപ്പോഴാണ് 850 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. പൊലീസ് സംഘത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുഭാഷ്, ഡ്രൈവര്‍ സജിത്ത് എന്നിവരും ഉണ്ടായിരുന്നു.