കാസര്‍കോട്: ദുരൂഹസാഹചര്യത്തില്‍ കാണാതായ ഉപ്പളയിലെ യുവ കരാറുകാരന്റെ മൃതദേഹം കണ്ടെത്തി. ഉപ്പള, മണ്ണുംകുഴിയിലെ ഇബ്രാഹിമിന്റെ മകന്‍ ഷെരീഫി(32)ന്റെ മൃതദേഹമാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ഷിറിയ പുഴയില്‍ കണ്ടെത്തിയത്. തീരദേശ പൊലീസ് സ്റ്റേഷനു സമീപത്തെ കണ്ടല്‍കാടുകള്‍ക്കിടയിലാണ് മൃതദേഹം കാണപ്പെട്ടത്.
ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് ഷെരീഫ് സ്‌കൂട്ടറുമായി വീട്ടില്‍ നിന്നും ഇറങ്ങിയത്. രാത്രി ഏഴരമണിയോടെ ഷെരീഫിന്റെ സ്‌കൂട്ടര്‍ ഷിറിയ പാലത്തിനു സമീപത്തു നിര്‍ത്തിയിട്ട നിലയില്‍ കാണപ്പെട്ടു. വീട്ടുകാര്‍ ഷെരീഫിനെ മൊബൈല്‍ ഫോണില്‍ വിളിച്ചുവെങ്കിലും സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. പല തവണ വിളിച്ചിട്ടും ഫലം ഉണ്ടായില്ല. തുടര്‍ന്നാണ് പിതാവ് ഇബ്രാഹിം മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയത്. തെരച്ചില്‍ നടത്തുന്നതിനിടയിലാണ് മൃതദേഹം കാണപ്പെട്ടത്.
