കാസര്‍കോട്: കൊവിഡ് മഹാമാരിയില്‍ വിറങ്ങലിച്ച് നിന്നപ്പോള്‍ കാസര്‍കോടിനെ ചേര്‍ത്തു പിടിച്ചിട്ടുണ്ട് ടാറ്റ ഗ്രൂപ്പ്. കേരളം രത്തന്‍ ടാറ്റയെ ഓര്‍ത്തെടുക്കുന്നത് കൊവിഡ് കാലത്ത് ടാറ്റ നല്‍കിയ സംഭാവനകളിലൂടെയാണ്. 2020 മെയ് മാസം കൊവിഡ് 19 വ്യാപനത്തില്‍ വിറങ്ങലിച്ചു നിന്ന സമയത്ത് രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ രോഗികളുള്ള ജില്ലയായിരുന്നു കാസര്‍കോട്. ആവശ്യത്തിന് ആശുപത്രികള്‍ ഇല്ലാതെ ആരോഗ്യ മേഖല പകച്ചു നില്‍ക്കുന്നു. അതിര്‍ത്തികള്‍ കൊട്ടിയടച്ചു. ഈ സമയം കേരളത്തിന്റെ രക്ഷകനാവുകയായിരുന്നു രത്തന്‍ ടാറ്റ. അങ്ങനെയാണ് 60 കോടി ചെലവില്‍ ടാറ്റ കൊവിഡ് ആശുപത്രി ചട്ടഞ്ചാലില്‍ സ്ഥാപിച്ചത്. ടാറ്റ ട്രസ്റ്റിന്റെ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് തെക്കില്‍ വില്ലേജിലെ സ്ഥലത്ത് ആറ് ബ്ലോക്കുകളിയായി 128 പ്രീഫാബ്രിക്കേറ്റഡ് സ്ട്രച്ചറിലുള്ള കണ്ടെയ്നറുകള്‍ പണിത് കൊവിഡ് രോഗികളെ ചികിത്സിക്കാനുള്ള ആശുപത്രി ആരംഭിച്ചത്. ടാറ്റ ഗ്രൂപ്പ് പ്രതിനിധികളില്‍ നിന്നും അന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജില്ല കലക്ടര്‍ ഡോ. ഡി സജിത് ബാബുവാണ് ആശുപത്രി ഏറ്റുവാങ്ങിയത്. 5,000 കൊവിഡ് രോഗികളെ ആശുപത്രിയില്‍ ചികിത്സിച്ചു. 197 ജീവനക്കാരെയാണ് ഇവിടെ നിയമിച്ചത്. പൂര്‍ണ്ണമായും ശീതീകരിച്ച കണ്ടെയ്‌നറുകളില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിക്ക് മുപ്പത് വര്‍ഷത്തേക്കാണ് കാലാവധി നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൊവിഡ് നിയന്ത്രിക്കാനായതോടെ ടാറ്റ ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചു തുടങ്ങി. കണ്ടെയ്‌നറുകള്‍ നശിക്കാന്‍ തുടങ്ങിയതോടെ അവ പൂര്‍ണ്ണമായും പൊളിച്ചു നീക്കേണ്ടിവന്നു. ജില്ലാ പഞ്ചായത്തിന് കീഴില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തുമെന്ന പ്രഖ്യാപനം വന്നെങ്കിലും ഒരു കാലത്ത് താങ്ങായി മാറിയ ടാറ്റയെ വിസ്മരിക്കാന്‍ ജില്ലയ്ക്ക് കഴിയില്ല.
