കാസര്‍കോട്: സര്‍ക്കാറിലും, ജില്ലാ വികസന സമിതിയിലും ജനപ്രതിനിധികളും, പൊതുജനങ്ങളും ഉന്നയിക്കുന്ന പ്രാധാന വിഷയങ്ങളില്‍ പോലും ബന്ധപ്പെട്ട വകുപ്പ് ജീവനക്കാര്‍ മുഖം തിരിച്ചു നില്‍ക്കുന്നതായി വ്യാപക പരാതി ഉയരുന്നു. ജില്ലയിലെ യാത്ര ക്ലേശമാണ് ഏറെയും ഉയര്‍ന്നുവരുന്ന പരാതികളിലൊന്ന്. സന്ധ്യയായാല്‍ ബസ് കിട്ടാനില്ലെന്ന പരാതി ഏറെക്കാലമായി നിലനില്‍ക്കുന്നു. ജില്ലാ ഭരണകൂടവും, ജില്ലാ പഞ്ചായത്തും, ജില്ലാ വികസന സമിതിയുമൊക്കെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം കൂടിയാണിത്. ജനപ്രതിനിധികള്‍ ഈ വിഷയം ഗൗരവത്തോടെ യോഗങ്ങളില്‍ അവതരിപ്പിക്കുമെങ്കിലും അതൊക്കെ മിനിട്‌സ് ബുക്കില്‍ രേഖപ്പെടുത്തി ‘ചായകുടിച്ച് ‘ പിരിയുകയാണ് അക്കാര്യങ്ങളില്‍ നടക്കുന്ന ഏക തുടര്‍ നടപടിയെന്നാണ് ജനപ്രതിനിധികളുടെ ആക്ഷേപം. തീരുമാനങ്ങള്‍ നടപ്പിലാക്കേണ്ട വകുപ്പ് ജീവനക്കാര്‍ക്കു മടക്കയാത്രയ്ക്കുള്ള ട്രെയിന്‍ സമയം നോക്കിയിരിക്കാനേ ഓഫീസ് സമയത്ത് കഴിയുന്നുള്ളുവെന്നു സാധാരണ ജനങ്ങള്‍ പരിതപിക്കുന്നു. ജില്ലയിലെ ദേശീയപാത റൂട്ടുകളിലാണ് യാത്രാക്ലേശം അതീവ ദുസ്സഹമാവുന്നത്. കോവിഡ് കാലത്ത് ഒരുപാട് കെഎസ്ആര്‍ടിസി ബസ്സുകള്‍ റദ്ദാക്കിയിരുന്നു. കാസര്‍കോട് നഗരത്തെ രാത്രിയിലും സജീവമാക്കാന്‍ ബസ് സമയം പരിഷ്‌കരിക്കണമെന്ന് ഔദ്യോഗിക തലങ്ങളിലും, ജനപ്രതിനിധികള്‍ നിയമസഭയിലും ആവശ്യപ്പെട്ടിരുന്നു. ബസ് സര്‍വീസിന്റെ അഭാവമാണ് നേരത്തെ കടകളടച്ച് ജില്ല നിശ്ചലമാകാന്‍ കാരണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സര്‍ക്കാറിന്റെ നൂറു ദിന കര്‍മ്മപരിപാടിയിലെ ജില്ലയിലെ യാത്രാക്ലേശം സംബന്ധിച്ച ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വര്‍ഷം മൂന്ന് കഴിഞ്ഞിട്ടും ഇതില്‍ തുടര്‍നടപടികളൊന്നും ഉണ്ടായിട്ടില്ല.
ദേശീയപാതയിലാകട്ടെ രാവിലെയും, വൈകുന്നേരങ്ങളിലും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മാത്രമാണെന്ന് സംസാരമുണ്ട്. ഈ സമയങ്ങളില്‍ മറ്റുള്ള യാത്രക്കാര്‍ക്ക് ബസില്‍ കയറിപ്പറ്റാന്‍ തന്നെ പാടാണ്. മംഗളൂരു ഭാഗത്തേക്കുള്ള കേരള- കര്‍ണാടക കെഎസ്ആര്‍ടിസി ബസുകള്‍ സന്ധ്യ കഴിഞ്ഞാല്‍ അരമണിക്കൂറില്‍ ഒന്നെന്ന നിലയിലാണ് ഓടുന്നത്. ഈ ബസ്സുകള്‍ ഡിപ്പോയില്‍ നിന്ന് തന്നെ കുത്തിനിറച്ച് യാത്രക്കാരെയും കൊണ്ട് പുതിയ പുതിയ സ്റ്റാന്ഡിലേക്ക് പോകാതെ നേരെ മംഗളൂരു ഭാഗത്തേക്കാണ് പോകുന്നത്. ഇത് പുതിയ ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തു നില്‍ക്കുന്ന യാത്രക്കാര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നു. ഇക്കാര്യം പലതവണ യാത്രക്കാര്‍ അധികൃതരെ അറിയിച്ചിരുന്നു.
