വിട്‌ള: വീട്ടുകാര്‍ നവരാത്രി ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്തു രണ്ടു വീടുകളില്‍ കവര്‍ച്ച. ഒരു വീട്ടില്‍ നിന്നു 12 പവന്‍ സ്വര്‍ണ്ണവും അയല്‍പക്കത്തെ വീട്ടില്‍ നിന്നു 12000 രൂപയും കവര്‍ന്നു. കഴിഞ്ഞ ദിവസം രാത്രി വിട്‌ള, അള്ക്കമജലു, കൈമനാജെയിലെ പുഷ്പരാജിന്റെ വീട്ടില്‍ നിന്നാണ് 15 പവന്‍ സ്വര്‍ണ്ണം കവര്‍ച്ച പോയത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറന്നു അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കൈക്കലാക്കിയത്. പുഷ്പരാജും കുടുംബവും ഭജനമന്ദിരത്തില്‍ നവരാത്രി മഹോത്സവത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. അയല്‍വാസിയായ കൃഷ്ണ കുളാലയുടെ വീട്ടില്‍ നിന്നാണ് 12000 രൂപ മോഷണം പോയത്. സമാനരീതിയിലാണ് ഇരുവീടുകളിലും കവര്‍ച്ച നടന്നത്. വിവരമറിഞ്ഞ് വിട്‌ള പൊലീസെത്തി അന്വേഷണം ആരംഭിച്ചു.
