ഞാന്‍ ഹാളിലേക്ക് കടന്നപ്പോള്‍ എല്ലാവരും എഴുന്നേറ്റ് എന്റെ ചുറ്റും കൂടി. സ്വയം പരിചയപ്പെടുത്തി ക്ലാസ്മുറിയിലെ അനുഭവങ്ങള്‍ പറഞ്ഞു. തല്ലാത്ത മാഷാണ്, സ്‌നേഹിക്കുന്ന മാഷാണ് എന്നൊക്കെ അവര്‍ പറഞ്ഞു. മിക്കവരും അമ്മമ്മാരും അച്ഛാച്ചന്മാരുമായി. സ്വയം പഠിച്ചു മുന്നേറാന്‍ പഴയകാല ദാരിദ്ര്യം മൂലം ഞങ്ങള്‍ക്കായില്ല. പക്ഷേ ഞങ്ങളുടെ മക്കളെ പഠിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. മക്കളില്‍ കോളേജ് പ്രൊഫസര്‍മാരുണ്ട്, അധ്യാപകരുണ്ട് മിക്ക പേരുടെയും മക്കള്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ വരെ പഠിച്ചിട്ടുണ്ട്. പലരും വന്നത് മക്കളെയും കൂടെ കൂട്ടിയാണ്.
എന്റെ അക്കാലത്തെ പഠിതാക്കളില്‍ ഒരാളായ പത്മനാഭന്‍ നല്ലൊരു പൊതു പ്രവര്‍ത്തകനാണ്. അവന്‍ കടന്നപ്പള്ളി – പാണപ്പുഴ പഞ്ചായത്ത് പ്രസിഡണ്ടായും പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ടായും സേവനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സി.പി.എം ജില്ലാക്കമ്മറ്റി അംഗവും മാടായി കോ. ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ടുമാണ്. ഒരു പാട് തിരക്കുകള്‍ക്കിടയിലും പത്മനാഭന്‍ (പപ്പന്‍) മാഷെ കാണാന്‍ നേരത്തെ എത്തി. കഴിയുന്നത് വരെ പഴയ നാലാം ക്ലാസ് കാരന്റെ ഭയഭക്തിയോടെയും പപ്പന്‍ ഒപ്പം തന്നെ ഉണ്ടായി. ഉയര്‍ച്ചയിലും അതിന്റെ ഔന്നത്യമോ ജാഡയോ കാണിക്കാത്ത ഇടപെടല്‍ കണ്ട് ഞാന്‍ സന്തോഷിച്ചു
ഇതിന്റെ സംഘാടകരില്‍ പ്രധാനി ജനാര്‍ദ്ദനനും വേലായുധനുമായിരുന്നു. ക്ലാസില്‍ അന്നുണ്ടായിരുന്നത് 36 പേരായിരുന്നു. അതില്‍ മൂന്നു കുട്ടികള്‍ വളരെ ചെറുപ്പത്തിലേ കാലയവനികക്കുള്ളില്‍ മറഞ്ഞു. ബാക്കിയുള്ളവര്‍ ‘ഓര്‍മ്മച്ചെപ്പ്’ എന്ന പേരില്‍ സംഘടിപ്പിച്ച കൂടിച്ചേരലില്‍ സന്നിഹിതരായിരുന്നു.
എന്റെ സഹപ്രവര്‍ത്തകനായിരുന്ന കെ.വി. രാമചന്ദ്രന്‍ മാഷും ചടങ്ങില്‍ പങ്കെടുത്തു. നടക്കാന്‍ പ്രയാസമുണ്ടെങ്കിലും ഊര്‍ജസ്വലത കൈവിടാത്ത സംസാരവും ഇടപെടലുമായിരുന്നു അദ്ദേഹത്തിന്റേത്. 1976ല്‍ ഞങ്ങള്‍ നാല് അധ്യാപകരാണ് സ്‌കൂളിലുണ്ടായിരുന്നത്. ഏറ്റവും സ്‌നേഹത്തോടെ പെരുമാറുന്ന ടി. കുഞ്ഞിരാമന്‍ മാഷ്, കുട്ടികളെ നന്നായി ശിക്ഷിക്കുന്ന വാര്യര്‍ മാഷ്, ഇവര്‍ രണ്ടു പേരും ഇന്നില്ല. ശേഷിച്ചത് ഞങ്ങള്‍ രണ്ടു പേരാണ്.
അവിടെയെത്തിച്ചേര്‍ന്ന കുട്ടികള്‍ ചൊരിഞ്ഞ സ്‌നേഹവാക്കുകളും കാണിച്ച ആദരവും മനസ്സില്‍ നിന്ന് ഒരിക്കലും മായില്ല. അവര്‍ നല്‍കിയ മെമൊന്റോയ്ക്കും പുത്തന്‍ ഡ്രസിനും മേലെ നില്‍ക്കുന്നു അവര്‍ പ്രകടിപ്പിച്ച സ്‌നേഹാദരവുകള്‍.
ഈ വര്‍ഷത്തെ അധ്യാപക അവാര്‍ഡ് ജേതാവ് പ്രസ്തുത സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രഭാകരന്‍ മാഷാണ്. അദ്ദേഹവും സഹപ്രവര്‍ത്തകരും പരിപാടിയുടെ തുടക്കം മുതല്‍ അവസാനം വരെ ഉണ്ടായിരുന്നു എന്നതും അവരുടെ സന്നദ്ധതയുടെ മാഹാത്മ്യത്തെ വിളിച്ചറിയിക്കുന്നതാണ്.
എത്തിയ ഉടനെ കിട്ടിയ ചായയും നെയ്പ്പത്തലും സ്‌നേഹ രുചി പകരുന്നതായിരുന്നു. ഉച്ചനേരത്തെ ഭക്ഷണം അതിഗംഭീരമായ സദ്യയായിരുന്നു. ഗ്രാമ സൗഭാഗ്യം വിളിച്ചറിയിക്കുന്നതായിരുന്നു സദ്യയുടെ വിഭവങ്ങളോരോന്നും. ആ കുട്ടികള്‍ ഞങ്ങളെ സ്‌നേഹപൂര്‍വ്വം ഊട്ടുകയായിരുന്നു.
തുടര്‍ന്ന് പാണപ്പുഴയുടെ പാട്ട് എന്ന കവിതാ പാരായണം കേട്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി. പഴയകാല ചരിത്രം മുതല്‍ ഇന്നെത്തിനില്‍ക്കുന്ന പാണപ്പുഴയെ വരച്ചു കാട്ടുന്നതായിരുന്നു ആ കവിത.
ദീര്‍ഘമായ ഒരു കുട്ടിക്കവിത ആലപിച്ച വിദ്യാര്‍ത്ഥിനി എല്ലാവരുടെയും കയ്യടി നേടി. പ്രധാന സംഘാടകനായ ജനാര്‍ദനന്റെ രണ്ടു പെണ്‍മക്കള്‍ സംഗീത വിദ്യാര്‍ത്ഥിനികളാണ്. അവരുടെ മധുരഗാനാലാപനം ആസ്വദിക്കാനും സാധിച്ചു.
പാണപ്പുഴയില്‍ രണ്ടു വര്‍ഷം മാത്രമെ സേവനം ചെയ്തുള്ളുവെങ്കിലും മറക്കാന്‍ കഴിയാത്ത നല്ല ഓര്‍മ്മകള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതില്‍ ഒന്നാണ് 1977ല്‍ നടത്തിയ സ്‌കൂള്‍ വാര്‍ഷികം. നാടകത്തിലെ എന്റെ ബ്രാഹ്‌മണവേഷം എല്ലാവരുടെ മനസ്സിലും ഇന്നുമുണ്ട്. കുട്ടികള്‍ അഭിനയിച്ച നാടകവും അതിലെ ചില കഥാപാത്രങ്ങളെയും അവര്‍ ഓര്‍മ്മിച്ചു പറഞ്ഞു.
ചില ദിവസങ്ങളില്‍ നാട്ടിലേക്ക് പോകാന്‍ പറ്റില്ല. അപ്പോള്‍ ഹെഡ്മാസ്റ്റര്‍ കുഞ്ഞിരാമന്‍ മാസ്റ്റരുടെ വീട്ടിലാണ് താമസിക്കുക. അവിടുന്ന് കിട്ടിയ ഭക്ഷണവും താമസ സൗകര്യവും മറക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ സഹോദരന്‍ ടി. ഗോവിന്ദന്‍ മാസ്റ്റരുടെ വീട്ടില്‍ നിന്നും ഭക്ഷണം കിട്ടും.
ഒരു വര്‍ഷത്തോളം ഉച്ചഭക്ഷണം തന്ന’മാഷമ്മ’യെ എന്നും ഓര്‍ക്കും. ശുഭ്ര വസ്ത്രധാരിയായ മാഷമ്മ തരുന്ന ഭക്ഷണ രുചി ഇന്നും നാവിന്‍ തുമ്പിലുണ്ട്. സ്വന്തം മകനെ പോലെയായിരുന്നു അവരുടെ സ്‌നേഹവായ്പ്. വലിയ സ്റ്റീല്‍ പ്ലേറ്റില്‍ പൊള്ളുന്ന ചോറും കറിയും. കാമ്പ്, കൂമ്പ്, തമരയില എന്നിവ കൊണ്ടുണ്ടാക്കിയ വറവും രുചിയേറിയതാണ്. രാമചന്ദ്രന്‍ മാഷിന്റെ ഭാര്യയും സഹായത്തിനുണ്ടാവും.
അവരെയൊക്കെ ഓര്‍ക്കാന്‍ തിരിച്ചു വരുമ്പോള്‍ വീട്ടിലേക്ക് കയറി. അമ്മയുടെ ഫോട്ടോയ്ക്കു മുമ്പില്‍ കുറച്ചു നേരം നിന്നു. സാമൂഹ്യ പ്രവര്‍ത്തനരംഗത്തേക്ക് എന്നെ എത്തിച്ചത് രാമചന്ദ്രന്‍ മാഷിന്റെ വീട്ടിലെ കട്ടിലിനടിയില്‍ കണ്ട സ്ലേറ്റുകളും പുസ്തകങ്ങളുമാണ്.
‘ഇതെന്താ മാഷെ’
‘ ഇത് RFLP എന്ന് പറയുന്ന സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ബ്ലോക്കില്‍ നിന്ന് കിട്ടിയതാണ്.’
അതിനേക്കുറിച്ചായി അന്വേഷണം
കരിവെള്ളൂരില്‍ RFLP തുടങ്ങി. അവിടന്നങ്ങോട്ട് വിവിധ മേഖലകളില്‍ കടന്നു കയറി. അതൊരു നിമിത്തമായിരുന്നു. മഴക്കാലത്ത് മാതമംഗലത്തു നിന്ന് നടന്നുവന്ന് പുഴ കടക്കുക എന്നത് ഭയാനകമായിരുന്നു. പക്ഷേ സ്‌കൂളിന്റെ പരിസരത്തിലെത്തിയാല്‍ സമാധാനമായി. സ്‌നേഹിക്കാന്‍ മാത്രമറിയുന്ന ഗ്രാമീണ ജനങ്ങള്‍. എന്തു സഹായത്തിനും കൂടെ നില്‍ക്കും. ഇവിടം വിട്ടുപോകാന്‍ മനസ്സില്ലെങ്കിലും യാത്രാക്ലേശം മൂലം മാറ്റം വാങ്ങിയതാണ്.
നാട്ടുനന്മയാണ് 48 വര്‍ഷം കഴിഞ്ഞിട്ടും അന്നത്തെ കുട്ടികള്‍ ഇന്ന് കാണിക്കുന്ന സ്‌നേഹാദരങ്ങള്‍.