-നാരായണന്‍ പേരിയ
”പാളം മുറിച്ചു കടക്കുമ്പോള്‍ ട്രെയിന്‍ വന്നു; ട്രയിന്‍ ഇടിച്ചു;” തുടര്‍ന്ന് എന്തുണ്ടായി എന്ന് പറയേണ്ടതില്ലല്ലോ. ഇടയ്ക്കിടെ കേള്‍ക്കാറുള്ളത്.
റെയില്‍വേയുടെ കുറ്റം. അല്ല, തെക്കും വടക്കും നോക്കാതെ പോയവരുടെ തെറ്റ്. തലവിധി. വരാനുള്ളത് വന്നു; ഇങ്ങനെ സമാധാനിക്കും.
ഇത് പുതിയ കാര്യമല്ല. ഒരിടത്തല്ലെങ്കില്‍ മറ്റൊരിടത്ത്. എത്രയോ കാലമായി നമ്മുടെ നാട്ടില്‍ സംഭവിക്കുന്നു.
”അവിടെ മേല്‍പ്പാലം പണിയണമായിരുന്നു; അടിപ്പാലം വേണമായിരുന്നു. ഒന്നും ചെയ്തില്ല; തുടക്കത്തില്‍ത്തന്നെ ചൂണ്ടിക്കാണിച്ചതാണ്; എന്നിട്ടും…” റെയില്‍വെയെ കുറ്റപ്പെടുത്തും.
ഒരു പഴയ വാര്‍ത്ത: തെലങ്കാനയിലെ ‘മേഡക്കി’ല്‍ തീവണ്ടിയിടിച്ച് സ്‌കൂള്‍ ബസ് തകര്‍ന്നു. ഇരുപത് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ഗുരുതരമായ പരിക്കുകളോടെ പതിനഞ്ചു പേര്‍ ആശുപത്രികളില്‍. 2014 ജുലൈ 27ന്റെ വാര്‍ത്ത. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സമാന സംഭവങ്ങളുടെ വാര്‍ത്താ പരമ്പര.
സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി. സൗത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ ജനറല്‍ മാനേജര്‍ക്കെതിരെ കേസെടുക്കണമെന്ന് തെലങ്കാന ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു. റെയില്‍വെയോ? സ്‌കൂള്‍ ബസ്സ് ഡ്രൈവറുടെ കുറ്റമാണ് ദുരന്തത്തിന് കാരണം. മോട്ടോര്‍ വാഹന നിയമം (1988ല്‍ പാസ്സാക്കിയത്) സെക്ഷന്‍ 131ല്‍ പറയുന്നു, ലെവല്‍ ക്രോസിങ്ങിന്റെ തുടക്കത്തില്‍ത്തന്നെ വാഹനം നിര്‍ത്തേണ്ടതാണ് എന്ന്: അപകടം നടന്നേടത്ത് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ഡ്രൈവര്‍ അവിടെ ബസ് നിര്‍ത്തിയില്ല. കേസെടുക്കേണ്ടത് ബസ് ഡ്രൈവറുടെ പേരിലാണ്.
ബോര്‍ഡ് വെച്ചതുകൊണ്ടായില്ല. അവിടെ ചുവപ്പ് കൊടി വീശാന്‍ കാവല്‍ക്കാരനെ നിര്‍ത്തേണ്ടതായിരുന്നു. റെയില്‍വെയുടെ തെറ്റ്.
ആരോപണ- പ്രത്യാരോപണ മല്‍സരത്തിനിടയിലാണ് ചില വിവരങ്ങള്‍ പുറത്ത് വരുന്നത്. രാജ്യത്തെ റെയില്‍ ക്രോസിങ്ങുകളുടെ കണക്ക്- കാവല്‍ക്കാരുള്ളതെത്ര, ഇല്ലാത്തതെത്ര? കണക്ക് കേട്ടാല്‍ ഞെട്ടും- ആളില്ലാ ക്രോസിങ്ങുകള്‍ പതിനാലായിരത്തി എണ്ണൂറ്റി അമ്പത്തിമൂന്ന്. (14,853) എന്നിട്ടും കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍, ആളില്ലാ ക്രോസുകളില്‍ (അണ്‍മാന്‍ഡ് റെയില്‍ ക്രോസ്സസ്സ്) ഉണ്ടായത് 723 മരണങ്ങള്‍. ഓരോ വര്‍ഷവും എത്ര എന്ന് പ്രത്യേകം കണക്കും.
ഇതിന് അഞ്ചു കൊല്ലം മുമ്പ്, അതായത്, 2009ല്‍ അന്നത്തെ റെയില്‍വേ മന്ത്രി മമതാ ബാനര്‍ജി ‘ഇന്ത്യന്‍ റെയില്‍വേയ്‌സ് വിഷന്‍ 2020’ എന്ന റിപ്പോര്‍ട്ട് അവതരിപ്പിച്ചു കൊണ്ട് പ്രഖ്യാപിച്ചു; ‘അഞ്ചു കൊല്ലത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ക്രോസിങ്ങിലും ആളുണ്ടാകും. ആളില്ലാ ക്രോസിങ്ങ് ഒരിടത്തും ഉണ്ടാവുകയില്ല.’ എന്നിട്ടും, കാലാവധിയെത്തിയപ്പോള്‍ കണ്ടത്, ആകെയുള്ള 32,694 ക്രോസിങ്ങുകളില്‍ 14,853വും ‘അണ്‍മാനിങ്ങ്’ കാരണമെന്തെന്ന ചോദ്യത്തിന് റെയില്‍വേ പറഞ്ഞ ഉത്തരം ‘പണമില്ല’. ക്രോസിങ്ങില്‍ നില്‍ക്കുന്നവര്‍ക്ക് ശമ്പളം കൊടുക്കണമല്ലോ. സാമ്പത്തിക പ്രതിസന്ധി. പ്രഖ്യാപനം നടത്തിയ മന്ത്രിക്ക് ആശ്വാസം. അവര്‍ റെയില്‍വേ വകുപ്പ് വിട്ടു. മമതാ ബാനര്‍ജിയല്ല റെയില്‍വേയുടെ ചുമതല വഹിക്കുന്നത്. റെയില്‍വേയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ മറുപടി പറയേണ്ടത് പുതിയ മന്ത്രി.
‘അടിപ്പാത’യും ‘മേല്‍പ്പാത’യും സമാന്തരപാതയും വേണം
ആവശ്യമുയരുന്നു-എല്ലാ ഭാഗത്തും നിന്നും. എല്ലായിടത്തും ധര്‍ണ്ണ.
അതിനിടയില്‍ കേള്‍ക്കുന്നു: അതിവേഗം ഓടുന്ന ബുള്ളറ്റ് ട്രെയിന്‍ വേണം; അതിവേഗപ്പാതയും. നമ്മുടെ സംസ്ഥാനവും പിന്നിലാകരുത്; തിരുവനന്തപുരത്തു നിന്ന് കണ്ണൂര്‍ വരെ അതിവേഗമെത്തുന്ന ട്രയിന്‍. അത് പോരാ; കാസര്‍കോട് വരെ നീട്ടണം. അതിനപ്പുറത്തോ? മംഗളൂരുവരെ നീട്ടണം. രാവിലെ സ്വന്തം വീട്ടില്‍ നിന്നും ബ്രേക്ക് ഫാസ്റ്റ് കഴിച്ച് ട്രെയിനില്‍ കയറിയാല്‍ ഉച്ചഭക്ഷണം തിരുവനന്തപുരത്ത്. ആവശ്യം സാധിപ്പിച്ച് മടക്കയാത്ര. സന്ധ്യയ്ക്ക് മുമ്പായി മംഗളൂരുവിലെ സ്വന്തം വീട്ടില്‍. ഇടയ്ക്കിടയ്ക്ക് എവിടെയെല്ലാമാണ് വണ്ടി നിര്‍ത്തുക? ഇവിടെ നിര്‍ത്തണം; അവിടെയും നിര്‍ത്തണം; പുതിയ സമര കാരണം.
പലേടത്തും വളവും തിരിവും; കയറ്റവും ഇറക്കവും, അത് ഒഴിവാക്കണം. ഒരേ ലെവല്‍. ഇതാണ് പുതിയ ആവശ്യം. തുരങ്കപ്പാത, ആകാശപ്പാത- ഇങ്ങനെ.
തീവണ്ടിപ്പാത മാത്രം പോരാ; വാഹനങ്ങള്‍ വേറെയുമുണ്ടല്ലോ. റോഡ് ഗതാഗതത്തിന്റെ കാര്യം മറക്കരുത്. വിശാലമായ ആകാശമുണ്ടല്ലോ. ആ സാധ്യതയും പരിഗണിക്കുക. ആലോചനയിലുണ്ട്. ഉണ്ടായിരുന്നു; ഒരു പക്ഷേ, വിമാനത്താവളത്തിന് ശിലാസ്ഥാപനവും നടത്തിയിട്ടുണ്ടാകും. എളുപ്പം സാധിക്കുന്നത് അതാണല്ലോ. ‘കല്ലിടല്‍’. പിന്നെ, അക്കാര്യം മറക്കാം. കല്ലിട്ട അതിവിശിഷ്ടാതിഥി,. ആ പദവിയില്‍ തുടര്‍ന്നും കാണണമെന്നില്ലല്ലോ.!
പാളം മുറിച്ചു കടക്കുന്നേടത്ത്- ക്രോസിങ്ങുകളില്‍ നിയന്ത്രണത്തിന് ആളില്ല. അതുകാരണം തീവണ്ടി തട്ടി അത്യാഹിതം സംഭവിക്കുന്നു. അതൊഴിവാക്കാന്‍ കാവല്‍ക്കാരെ നിയോഗിക്കണം. പറഞ്ഞു തുടങ്ങിയത് അതാണ്. ട്രെയിന്‍ ഓടിക്കാന്‍ വേണ്ടത്ര ആളുണ്ടോ? ഇടയ്ക്കിടെ അതും വാര്‍ത്തയാകാറുണ്ടല്ലോ. ലോക്കോ പൈലറ്റുമാരുടെ എണ്ണക്കുറവ്. ഉള്ളവര്‍ക്ക് ജോലിഭാരം അതു കാരണം ശ്രദ്ധ പാളിപ്പോകുന്നു. അപകടം അങ്ങനെയും.
തുടര്‍ച്ചയായി ട്രെയിന്‍ ഓടുമ്പോള്‍ റെയില്‍പ്പാളത്തിന് ക്ഷതമേല്‍ക്കും; വിള്ളലുണ്ടാകും. യഥാസമയം അത് കണ്ടെത്തി ആവശ്യമായ അറ്റകുറ്റപ്പണി നടത്തണം. ഇല്ലെങ്കില്‍ അപകട സാധ്യത. ‘ആളില്ലാപ്രശ്‌നം’. ഇവിടെയും. സാമ്പത്തിക പ്രതിസന്ധി വെല്ലുവിളി. അതെങ്ങനെ പരിഹരിക്കും? ചെലവ് കുറയ്ക്കണം. പറയാന്‍ എളുപ്പമാണ്; എന്ത് ചെലവ്, ഏത് ചെലവ് ആണ് പരിമിതപ്പെടുത്തേണ്ടത്? ആരുടെ?
‘ഉത്തരമില്ലാ’പ്രശ്‌നം.