തിരുവനന്തപുരം: മാല മോഷണക്കേസില്‍ പൂജാരി അറസ്റ്റില്‍. മണക്കാട് മുത്തു മാരിയമ്മന്‍ ക്ഷേത്രത്തിലെ പൂജാരി അരുണാണ് പിടിയിലായത്. ക്ഷേത്രത്തിലെ മൂന്നു പവന്റെ മാല മോഷ്ടിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന മാലയാണ് മോഷ്ടിച്ചത്. 3 പവന്‍ മാല കൂടാതെ കമ്മല്‍ ഒരു ജോഡി ചന്ദ്രക്കല എന്നിവയാണ് മോഷ്ടിച്ചത്. വിഗ്രഹത്തില്‍ കിടന്ന മാലയുടെ കൊളുത്തുകള്‍ പൊട്ടിക്കിടക്കുന്നത് കണ്ടപ്പോള്‍ കമ്മിറ്റിക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് ആഭരണങ്ങള്‍ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. ആഭരണങ്ങള്‍ എത്രയും വേഗം തിരികെ നല്‍കാമെന്ന് അരുണ്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. പൂന്തുറ ഉച്ചമാടന്‍ ദേവീ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു അരുണ്‍. അവിടത്തെ വിഗ്രഹമോഷണക്കേസില്‍ പങ്കുണ്ടെന്ന സംശയത്തില്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. അന്ന് ക്ഷേത്രത്തില്‍ നിന്ന് പൂജാരിയെ കസ്റ്റഡിയിലെടുത്തതിന് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. ഇതേ പൂജാരിയാണ് ഇപ്പോള്‍ മോഷണ കേസില്‍ വീണ്ടും പിടിയിലായത്.
