ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിന്നും വന്‍ ആയുധ ശേഖരവും വന്‍ സ്‌ഫോടക ശേഷിയുള്ള സ്‌ഫോടക വസ്തുക്കളും ഇന്ത്യന്‍ സേന പിടിച്ചെടുത്തു. ചൊവ്വാഴ്ച ജമ്മു കാശ്മീര്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനിരിക്കെ അക്രമ സംഭവങ്ങള്‍ അരങ്ങേറാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് സൈനീക വിഭാഗം ഈ മേഖലയില്‍ ജാഗ്രത പാലിക്കുകയായിരുന്നു. ഇതിനിടയില്‍ ലഭിച്ച ആയുധക്കടത്ത് സൂചനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഭീകരവാദിയെന്ന് സംശയിക്കുന്ന ഒരാളുടെ ബാഗില്‍ നിന്ന് ഇവ പിടികൂടിയത്. എകെ 47 പിസ്റ്റളിന്റെ വെടിയുണ്ടകളും സങ്കീര്‍ണ സ്‌ഫോടക വസ്തുവായ ആര്‍ഡിഐഇഡി, വിവിധ തരത്തില്‍ സ്‌ഫോടനങ്ങളും നശീകരണവും ഉണ്ടാക്കാവുന്ന ഇഐഡികള്‍ എന്നിവ പിടിച്ചെടുക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. ചൈനയില്‍ നിര്‍മിച്ച കൈബോംബുകളും ഇക്കൂട്ടത്തിലുണ്ട്. എകെ 47 വെടിയുണ്ടകള്‍ പാക്കിസ്ഥാനിലുണ്ടാക്കിയതാണെന്ന് വക്താക്കള്‍ പറഞ്ഞു. പൂഞ്ച് ജില്ലയിലെ ജൂലാസ് മേഖലയില്‍ നിന്നാണ് ഇവ പിടികൂടിയത്. സമാധാനപരമായി നടന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം അട്ടിമറിക്കാനുളള ശ്രമത്തിന്റെ ഭാഗമാണെന്നും സംശയമുണ്ട്. ജമ്മുവിലെ ഘരോട്ടയിലും ഇത്തരം സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയിരുന്നു.
