കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ സംഭവത്തില്‍ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറു നേതാക്കള്‍ക്ക് എതിരെയുള്ള കേസ് കോടതി തള്ളി. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രതികളെയും ജില്ലാ സെഷന്‍സ് കോടതിയാണ് കുറ്റമുക്തരാക്കിയത്. കെ. സുരേന്ദ്രന് നല്‍കിയ വിടുതല്‍ ഹര്‍ജി അംഗീകരിച്ച് കൊണ്ടാണ് കോടതി വിധി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടു പോയി തടങ്കലില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തി നാമനിര്‍ദ്ദേശ പത്രിക പിന്‍വലിപ്പിക്കുകയും ഇതിനു കോഴയായി രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്നാണ് കേസ്. കെ സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി.വി രമേശന്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ കോടതി നിര്‍ദ്ദേശ പ്രകാരമാണ് പൊലീസ് കേസെടുത്തത്. കോടതി വിധിയോടെ കെട്ടിച്ചമച്ച കേസാണിതെന്നു തെളിഞ്ഞതായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ പ്രതികരിച്ചു.
