കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം പരാതി നല്‍കിയത് ലോറി ഉടമ മനാഫിനെതിരെയല്ലെന്ന് പൊലീസ്. മനാഫിന്റെ യുട്യൂബ് വിഡിയോയ്ക്കു താഴെയും മറ്റു സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലും അധിക്ഷേപകരമായ കമന്റ് ഇട്ടവര്‍ക്കെതിരെയാണു പരാതിയെന്നാണ് കുടുംബം പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. കുടുംബം നല്‍കിയ പരാതിയില്‍ മനാഫിനെ പൊലീസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇനി കേസില്‍ നിന്ന് ഒഴിവാക്കും. മനാഫിന്റെ യുട്യൂബ് ചാനല്‍ പരിശോധിച്ചപ്പോള്‍ അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് നടപടി. മനാഫിനെ സാക്ഷിയാക്കും. മനാഫിനെതിരെ കേസെടുക്കണം എന്ന് അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് മനാഫിന്റെ പേര് ഉള്‍പ്പെടുത്തിയത്. പരാതിയില്‍ ചേവായൂര്‍ പൊലീസാണ് കേസെടുത്തത്. കുടുംബത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഷിരൂരിലെ ഗംഗാവലി പുഴയില്‍ ജൂലൈ 16ന് മണ്ണിടിഞ്ഞുവീണ് ലോറിക്കൊപ്പം കാണാതായ അര്‍ജുന്റെ (32) മൃതദേഹം 73 ദിവസങ്ങള്‍ക്കുശേഷമാണ് കണ്ടെടുക്കാനായത്. പിന്നാലെ ലോറിയുടമ മനാഫിനെതിരെ അര്‍ജുന്റെ കുടുംബം ആരോപണവുമായി രംഗത്തെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കുടുംബത്തിനെതിരെ സൈബര്‍ ആക്രമണം ഉണ്ടായത്.
