കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ലോറിയുടമ മനാഫിന്റെ യൂട്യൂബ് പേജും കമന്റും പരിശോധിച്ചു തുടങ്ങി. ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയയിലെ പ്രചരണം നടത്തിയവര്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്തുകൊണ്ടാണ് പൊലീസ് കേസെടുത്തത്. സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയ പേജുകള്‍ പരിശോധിക്കുമെന്നും തുടര്‍ന്ന് കുടുംബത്തിന്റെ മൊഴി എടുക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ ശക്തമായ നടപടി എടുക്കുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. അതേസമയം അന്വേഷണത്തില്‍ കുറ്റക്കാരനാണെങ്കില്‍ മനാഫിനെതിരെ നടപടിയെടുക്കുമെന്ന് എസിപി അറിയിച്ചു. പ്രശ്‌നങ്ങളന്നുമില്ലെങ്കില്‍ എഫ്‌ഐആറില്‍ നിന്നും ഒഴിവാക്കും. കുടുംബത്തിന്റെ ആദ്യ പരാതിയില്‍ മനാഫിന്റെ പേരുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയതെന്നും എസിപി പറഞ്ഞു. സൈബര്‍ ആക്രമണത്തിനെതിരെയാണ് അര്‍ജുന്റെ കുടുംബം പരാതി നല്‍കിയത്. അതേസമയം കുടുംബത്തിനെതിരെ മോശമായ രാതിയില്‍ ഫേസ്ബുക്കില്‍ നിരവധി പേരാണാണ് കമന്റിട്ടത്. മനാഫ് മാധ്യമങ്ങളില്‍ പറഞ്ഞ ചില കാര്യങ്ങള്‍ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോഴിക്കോട് കമ്മീഷണര്‍ക്ക് അര്‍ജുന്റെ സഹോദരി അഞ്ജുവാണ് പരാതി നല്‍കിയത്. ലാറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്റെ കുടുംബം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
മനാഫിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണവുമായി മനാഫും രംഗത്തെത്തിയിരുന്നു. സൈബര്‍ ആക്രമണം രൂക്ഷമായതോടെ ഇന്നലെ മനാഫ് വാര്‍ത്താസമ്മേളനം നടത്തി അര്‍ജുന്റെ കുടുംബത്തോട് നിരുപാധികം മാപ്പു പറഞ്ഞിരുന്നു. മതങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് ശ്രമിച്ചത്. തന്നെ ശിക്ഷിച്ചാലും കുടുംബത്തോടൊപ്പം നില്‍ക്കുമെന്നും മനാഫ് പ്രതികരിച്ചു.
