കാസർകോട്: സ്കൂട്ടർ മറിഞ്ഞ് റോഡിലേക്ക് തെറിച്ചു വീണ യുവതിയുടെ ദേഹത്ത് കൂടി കണ്ടെയ്നർ ലോറി കയറിയിറങ്ങി. യുവതിക്ക് ദാരുണാന്ത്യം. പൈക്ക ചന്ദ്രംപാറ സ്വദേശി മണിയുടെ ഭാര്യ ശശികല(31) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴരയോടെ ചട്ടഞ്ചാൽ ചെർക്കള ദേശീയപാതയിൽ തെക്കിൽ കയറ്റത്തിലാണ് അപകടം. ശശികലയും ഭർത്താവ് മണിയും രണ്ടു കുട്ടികൾക്കൊപ്പം ചെർക്കള ഭാഗത്ത് നിന്ന് ചട്ടഞ്ചാലിലേക്ക് സ്കൂട്ടറിൽ വരികയായിരുന്നു. തെക്കിൽ കയറ്റത്തിൽ വച്ച് സ്കൂട്ടർ മറിഞ്ഞപ്പോൾ യുവതി റോഡിലേക്ക് തെറിച്ചുവീണു. യുവതിയുടെ തലയിൽ കൂടി കണ്ടെയ്നർ ലോറി കയറിയിറങ്ങി. മേൽപ്പറമ്പ് പൊലീസ് എത്തി മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ മണിക്കും മക്കളായ ആരാധ്യക്കും ആദിനും പരിക്കില്ല. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കർണാടക അർളപദവിലെ ബംബ മണിയാണിയുടെയും രത്നാവതിയുടെയും മകളാണ് ശശികല. സഹോദരങ്ങൾ: അന്നപൂർണ ശാരദ, ഭവാനി, ഭാസ്ക്കരൻ.
