തിരുവനന്തപുരം: തൃശൂര്‍പൂരം കലക്കിയതിനു പിന്നില്‍ ആസൂത്രിത ശ്രമം ഉണ്ടായിട്ടുണ്ടെന്നും വിശദമായ അന്വേഷണത്തിനു ത്രിതല അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൂരം കലങ്ങിയ സംഭവത്തില്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാറിനു വീഴ്ച ഉണ്ടായോയെന്നതിനെ കുറിച്ച് ഡി.ജി.പി ഷേഖ് ദര്‍വേഷ് സാഹിബ് അന്വേഷിക്കും. തൃശൂര്‍ പൂരത്തിന്റെ അവസാന ഘട്ടത്തില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചന ഉണ്ടായിട്ടുണ്ടോയെന്നതിനെ കുറിച്ച് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘവും ഉദ്യോഗസ്ഥ വീഴ്ചയെക്കുറിച്ച് ഇന്റലിജന്‍സ് എ.ഡി.ജി.പി മനോജ് അബ്രഹാമും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
