കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മദ്യലഹരിയില്‍ തമിഴ് നാട് സ്വദേശിയുടെ പരാക്രമം. രണ്ട് സെക്യൂരിറ്റി ജീവനക്കാരെ ആക്രമിക്കുകയും കടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. നഴ്‌സിംഗ് സൂപ്രണ്ടിന്റെ ഓഫീസില്‍ ബഹളം വെച്ച യുവാവിനെ മുറിയില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് സെക്യുരിറ്റി ജീവനക്കാരുടെ നേരെ തിരിഞ്ഞത്. സംഭവ സമയത്ത് പൊലിസ് എയ്ഡ് പോസ്റ്റില്‍ ആരും ഉണ്ടായിരുന്നില്ല. പിന്നീട് പൊലിസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. പൊലിസ് എത്തി അക്രമിയെ കൂട്ടികൊണ്ടു പോയെങ്കിലും രാത്രിയോടെ തിരിച്ചെത്തി. ഒരു മരപ്പലകയുമായി വന്ന വീണ്ടും ആക്രമണം നടത്തുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആശുപതിക്ക് മുന്നില്‍ ധര്‍ണ നടത്തി.
ആശുപത്രികളില്‍ ജീവനക്കാര്‍ക്കെതിരെ നടക്കുന്ന ഇത്തരം അക്രമങ്ങള്‍ വച്ചു പൊറുപ്പിക്കാനാവില്ല, അക്രമങ്ങള്‍ നടത്തുകയും പിന്നിട് കൂളായി പുറത്തിറങ്ങി നടക്കുകയും ചെയ്യുന്ന പ്രവണത ഇത്തരം അക്രമങ്ങളെ പ്രോല്‍സാഹിപ്പിക്കുകയേ ഉള്ളുവെന്ന് സ്റ്റാഫ് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. പ്രതിഷേധ ധര്‍ണ ആശുപത്രി സൂപ്രണ്ട് ഡോ.ശ്രീകുമാര്‍ മുകുന്ദ് ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി സുപ്രണ്ട് ഡോ.ജമാല്‍ അഹമദ്, ഡോ.അനൂപ്, ഡോ.അബ്ദുല്‍ സത്താര്‍, നഴ്‌സിംഗ് സൂപ്രണ്ട് ലത, ഫാര്‍മസി സുപ്രണ്ട് ഹരിനാഥ്, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി സതീഷന്‍ ടി, ട്രഷറര്‍ ഷാജി, ജീവനക്കാരായ കവിത, അന്‍സമ്മ, ശ്രീധരന്‍, രവീന്ദ്രന്‍, മാഹിന്‍ കുന്നില്‍ തുടങ്ങിയവര്‍ സംസാരിച്ചു.