പൂനെയ്ക്ക് സമീപം പറന്നുയര്‍ന്ന ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് മൂന്നുമരണം

പുനെ: പുനെയ്ക്കടുത്ത് ബവ്ധനില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മൂന്ന് മരണം. ബുധനാഴ്ച രാവിലെ 6.45-ഓടെയാണ് ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്ന് വീഴുകയായിരുന്നു. രണ്ട് പൈലറ്റുമാരും ഒരു എന്‍ജിനീയറുമായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ഇത് സര്‍ക്കാര്‍ കോപ്ടറാണോ സ്വകാര്യ കോപ്ടറാണോ എന്നതില്‍ വ്യക്തത വന്നിട്ടില്ല.
രണ്ടുപേര്‍ മരിച്ചതായി സ്ഥിരീകരിച്ച പൊലീസ് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണെന്നു വ്യക്തമാക്കി. കോപ്ടറില്‍ ഉണ്ടായിരുന്ന മൂന്നാമത്തെയാളും മരിച്ചതായാണ് പ്രാഥമിക വിവരം. മലയോരത്ത് കുന്നില്‍ പ്രദേശത്തായാണ് കോപ്ടര്‍ തകര്‍ന്നുവീണത്. സംഭവസമയത്ത് ഇവിടെ കനത്ത മൂടല്‍മഞ്ഞ് ഉണ്ടായിരുന്നു. ഇതാവാം കോപ്ടര്‍ അപകടത്തില്‍ പെടാന്‍ കാരണം, പുണെയിലെ പിംപ്രി ചിന്‍ച്വാദ് പോലീസ് സീനിയര്‍ ഇന്‍സ്പെക്ടര്‍ കന്‍ഹയ്യ തോറട്ട് പറഞ്ഞു. ഓക്സ്ഫോര്‍ഡ് ഗോള്‍ഫ് ക്ലബ്ബിന്റെ ഹെലിപാഡില്‍ നിന്നാണ് കോപ്ടര്‍ പറന്നുയര്‍ന്നത് എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓക്സ്ഫോര്‍ഡ് ഗോള്‍ഫ് കോഴ്സ് ഹെലിപാഡില്‍ നിന്ന് പറന്നുയര്‍ന്ന് മുംബൈയിലെ ജുഹുവിലേക്ക് പോവുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹെലികോപ്ടര്‍ പൂര്‍ണമായും തകര്‍ന്നതായും അപകടസ്ഥലത്ത് ഇപ്പോഴും തീ അണഞ്ഞിട്ടില്ല എന്നുമാണ് സംഭവസ്ഥലത്ത് നിന്നും പുറത്തുവരുന്ന വിവരങ്ങള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page