ന്യൂദെല്‍ഹി: ഇറാന്‍ ചൊവ്വാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടി നല്‍കാന്‍ ഇസ്രായേല്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബുധനാഴ്ച രാത്രി തൊട്ടു ഏതു സമയത്തും ഇറാനു നേരെ ഇസ്രായേല്‍ കനത്ത തോതില്‍ വ്യോമാക്രമണം നടത്തിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. തിരിച്ചടി ഉണ്ടായാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുമെന്ന ഭീതിയിലാണ് ലോകരാജ്യങ്ങള്‍.
റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ ഇറാനിലേയ്ക്ക് യാത്ര ചെയ്യരുതെന്നു വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇറാന്‍ 181ല്‍പ്പരം മിസൈലുകളാണ് ഇസ്രായേലിനു നേരെ തൊടുത്തുവിട്ടത്. ഇവയെ ആകാശത്തുവച്ചു തന്നെ ഇസ്രായേല്‍ വ്യോമസേന പ്രതിരോധിച്ചതിനാല്‍ വലിയ നാശം ഒഴിവായെന്നു വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യാന്‍ യു.എന്‍ രക്ഷാസമിതി യോഗം ചേരണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.