മംഗ്‌ളൂരു: ലക്ഷങ്ങള്‍ വിലമതിക്കുന്ന എം.ഡി.എം.എയുമായി അഞ്ചു പേര്‍ മംഗ്‌ളൂരുവില്‍ അറസ്റ്റില്‍. മഞ്ചേശ്വരം, ജിഎച്ച്എസ് റോഡിലെ യാസിന്‍ എന്ന ഇമ്പു (25), വൊര്‍ക്കാടി, പാവൂര്‍, കെദംമ്പാടി ഹൗസിലെ മുഹമ്മദ് നൗഷാദ് (22), മഞ്ചേശ്വരം, ഉദ്യാവാറിലെ ഹസ്സന്‍ ആഷിര്‍ (34), പയ്യന്നൂര്‍, പെരിങ്ങോത്തെ എ.കെ റിയാസ് (31), ഷിമോഗയിലെ അബ്ദുല്‍ ഷക്കീര്‍ (24) എന്നിവരെയാണ് മംഗ്‌ളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നു മൂന്നര ലക്ഷം രൂപ വിലമതിക്കുന്ന 70ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മംഗ്‌ളൂരുവിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്നു എത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു പിടികൂടിയത്. കോണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നെട്ടിലപ്പദവില്‍ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. അഞ്ചു മൊബൈല്‍ ഫോണുകള്‍, ഡിജിറ്റല്‍ ത്രാസ്, എന്നിവ കണ്ടെടുത്തു. റെയ്ഡില്‍ സിറ്റി ക്രൈം ബ്രാഞ്ച് എ.സി.പി മനോജ് കുമാര്‍ നായിക്, ഇന്‍സ്‌പെക്ടര്‍ എച്ച്.എം ശ്യാംസുന്ദര്‍, എസ്.ഐ ശരണപ്പ ഭണ്ഡാരി സംബന്ധിച്ചു.