കാസര്‍കോട്: ബ്രാഞ്ചു സമ്മേളനങ്ങള്‍ പൂര്‍ത്തിയായതിനു പിന്നാലെ സിപിഎം ലോക്കല്‍ സമ്മേളനങ്ങള്‍ക്കു തുടക്കമായി. മുന്നാട് ലോക്കല്‍ സമ്മേളനത്തിനു പേര്യയില്‍ കെ. തമ്പാന്‍ പതാക ഉയര്‍ത്തി. ലോക്കല്‍ സെക്രട്ടറി കെ. രാഘവന്‍ സ്വാഗതം പറഞ്ഞു.
ഒരു മാസക്കാലമാണ് ബ്രാഞ്ച് സമ്മേളനങ്ങള്‍ നീണ്ടു നിന്നത്. കേരളത്തിലെയും ദേശീയ തലത്തിലെയും എല്ലാ വിഷയങ്ങളും ബ്രാഞ്ച് സമ്മേളനങ്ങളില്‍ ചര്‍ച്ചയായി. വിലക്കയറ്റം, തൊഴിലില്ലായ്മ, ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി, രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം, വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്, പാര്‍ട്ടി നേതാക്കളുടെ പെരുമാറ്റം തുടങ്ങിയ വിഷയങ്ങളെല്ലാം ജില്ലയിലെ ഭൂരിഭാഗം ബ്രാഞ്ച് യോഗങ്ങളും ചര്‍ച്ച ചെയ്തു. പോയകാല സമ്മേളനങ്ങളെ അപേക്ഷിച്ച് ഇത്തവണ ബ്രാഞ്ചു സെക്രട്ടറി പദങ്ങളില്‍ എത്തിയവരില്‍ ചെറുപ്പക്കാര്‍ ഏറെയുണ്ടെന്നതാണ് പ്രത്യേകത. കൂടുതല്‍ വനിതകള്‍ ബ്രാഞ്ചു സെക്രട്ടറിമാരായി എന്നതും ശ്രദ്ധേയമാണ്. ഈയൊരു മാറ്റം ലോക്കല്‍ തലങ്ങളില്‍ തൊട്ടു സംസ്ഥാന തലം വരെ ഉണ്ടാകുമോയെന്നാണ് പൊതുവെ ഉറ്റുനോക്കുന്നത്.
ലോക്കല്‍ സമ്മേളനങ്ങള്‍ കഴിഞ്ഞാല്‍ ഏരിയാ ജില്ലാ സമ്മേളനങ്ങളും സംസ്ഥാന സമ്മേളനങ്ങളും നടക്കും. സംസ്ഥാന സമ്മേളനത്തിനു ശേഷം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് പുതിയ കേന്ദ്ര കമ്മിറ്റിയെയും പോളിറ്റ് ബ്യൂറോ അംഗങ്ങളെയും ജനറല്‍ സെക്രട്ടറിയെയും തെരഞ്ഞെടുക്കുക.