ചെന്നൈ: അസ്വസ്ഥയെ തുടർന്നു സൂപ്പർസ്റ്റാർ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച അർധരാത്രിയോടെയാണ് രജനീകാന്തിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. ലോകേഷ് കനകരാജിന്റെ കൂലി സിനിമയുടെ ചിത്രീകരണത്തിന് ഇടയിൽ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
അതേസമയം ആരോഗ്യനില തൃപ്തികരമാണെന്നും തുടർപരിശോധനകൾ ഇന്ന് ആയിരിക്കുമെന്നുമാണ് വിവരം. നേരത്തെ 2020-ൽ ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് രജനികാന്തിനെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തൻ്റെ രാഷ്ട്രീയ പാർട്ടി ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യപരമായ കാരണങ്ങളാൽ രാഷ്ട്രീയത്തിൽ ഇറങ്ങില്ലെന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം അദ്ദേഹം അന്ന് പ്രഖ്യാപിച്ചിരുന്നു.