തിരുവനന്തപുരം: ജയിലില്‍ നിന്നു കോടതിയിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ പോക്‌സോ കേസിലെ പ്രതി ബ്ലേഡ് വിഴുങ്ങി ആശുപത്രിയില്‍. സുമേഷ് എന്നയാളാണ് ബ്ലേഡ് വിഴുങ്ങിയത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ തിരുവനന്തപുരം ജില്ലാ ജയിലില്‍ നിന്നു കൊല്ലം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതിനിടയിലാണ് സംഭവം. താന്‍ ബ്ലേഡ് വിഴുങ്ങിയിട്ടുണ്ടെന്ന കാര്യം സുമേഷ് തന്നെയാണ് കൂടെ ഉണ്ടായിരുന്ന പൊലീസിനെ അറിയിച്ചത്. കൊല്ലത്തെ കോടതിയിലേക്ക് കൊണ്ടു പോകാതിരിക്കാനുള്ള പ്രതിയുടെ അടവാണെന്നാണ് പൊലീസുകാര്‍ ആദ്യം കരുതിയത്. സംശയം തോന്നി പൊലീസുകാര്‍ ജയില്‍ അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇതേ തുടര്‍ന്ന് സുമേഷിനെ കഴക്കൂട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ഡോക്ടറുടെ പരിശോധനയില്‍ സുമേഷ് ഏതോ ലോഹവസ്തു വിഴുങ്ങിയതായി സംശയം ഉണ്ടായി. തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പ്രതിക്ക് എവിടെ നിന്നാണ് ബ്ലേഡ് കിട്ടിയതെന്നു വ്യക്തമല്ല.