കോവിഡ് -19 നെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണുകളുടെ അനന്തരഫലമായി ചന്ദ്രോപരിതല താപനിലയില്‍ ഗണ്യമായ ഇടിവ് സംഭവിച്ചതായി പഠനം. മന്ത്‌ലി നോട്ടീസ് ഓഫ് റോയല്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നാസയുടെ ലൂണാര്‍ റിക്കണൈസന്‍സ് ഓര്‍ബിറ്ററില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്തപ്പോള്‍, ലോക്ക്ഡൗണ്‍ സമയത്ത്, ചന്ദ്രന്റെ രാത്രികാല താപനില 8-10 കെല്‍വിന്‍ കുറഞ്ഞു എന്ന് കണ്ടെത്തി.
ലോക്ക്ഡൗണിന് ശേഷം മനുഷ്യന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചപ്പോള്‍, ചന്ദ്രന്റെ താപനില വര്‍ധിച്ചതായും പഠനത്തില്‍ പറയുന്നു. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ ഭൂമിക്കപ്പുറമുള്ള പരിസ്ഥിതിയെ സ്വാധീനിച്ചേക്കാമെന്നാണ് ഈ പഠനം തെളിയിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതിലും എയറോസോളിലും ഉണ്ടായ കുറവ് ഭൂമിയില്‍ നിന്ന് പുറന്തള്ളുന്ന വികിരണത്തില്‍ മാറ്റം വരുത്തിയതായി തോന്നുന്നു. ഇത് ചന്ദ്രനെ തണുപ്പിക്കുന്ന ഫലത്തിലേക്ക് നയിക്കുന്നുവെന്നു പഠനത്തില്‍ പറയുന്നു. ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ട
റിയില്‍ (പിആര്‍എല്‍) നിന്നുള്ള ഗവേഷകരായ കെ ദുര്‍ഗ പ്രസാദ്, ജി അമ്പിളി എന്നിവരുടെ നേതൃത്വത്തില്‍ 2017 നും 2023 നും ഇടയില്‍ ആറ് സ്ഥലങ്ങളില്‍ നിന്നുള്ള ചാന്ദ്ര ഉപരിതല താപനില ഡാറ്റ സംഘം വിശകലനം ചെയ്താണ് പഠനം നടത്തിയത്. വിശകലനത്തില്‍, മറ്റ് വര്‍ഷങ്ങളിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ലോക്ക്ഡൗണ്‍ മാസങ്ങളില്‍ താപനിലയില്‍ സ്ഥിരതയുള്ള 8-10 കെല്‍വിന്‍ കുറവുണ്ടായതായി ഗവേഷകര്‍ കണ്ടെത്തി. നാസയുടെ ലൂണാര്‍ റീകണൈസന്‍സ് ഓര്‍ബിറ്ററില്‍ നിന്നുള്ള വിവരങ്ങളാണ് ഗവേഷകര്‍ ഉപയോഗിച്ചത്.