കുമ്പള: ‘മാലിന്യമുക്ത നവ കേരളത്തിന്’ നാടും, നഗരവും തയ്യാറെടുക്കുമ്പോള്‍ കുമ്പള റെയില്‍വേ സ്റ്റേഷന്‍-സിഎച്ച്‌സി റോഡില്‍ മാലിന്യ കൂമ്പാരം ഒളിഞ്ഞിരിക്കുന്നു. ഇവിടെ ഓവുചാല്‍ മുഴുവന്‍ മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മാലിന്യത്തിനെതിരെ വന്‍ പ്രചാരണവും ബോധവല്‍ക്കരണവും തുടരുന്നതിനിടയിലാണ് കുമ്പളയില്‍ പൊതുസ്ഥലത്തു മാലിന്യങ്ങള്‍ ഒളിപ്പിക്കുന്നത്.
2025 ജനുവരി 26ന് കാസര്‍കോടിനെ മാലിന്യമുക്തമായി പ്രഖ്യാപിക്കും. മാലിന്യമുക്ത നവ കേരളത്തിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തില്‍ ജില്ലയില്‍ വാര്‍ഡുകള്‍ തോറും ശുചീകരണ യജ്ഞം സംഘടിപ്പിക്കും എന്നൊക്കെ സര്‍ക്കാറും, ജില്ലാ ഭരണകൂടവും, തദ്ദേശ സ്ഥാപനങ്ങളും പറഞ്ഞുകൊണ്ടിരിക്കുമ്പോഴും പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് കുമ്പളയില്‍ പതിവ് ശീലമായി തുടരുകയാണ്. മാലിന്യ സംസ്‌കരണത്തിന് ഒട്ടേറെ പദ്ധതികള്‍ നിലവിലുണ്ട്. ഹരിതകര്‍മ്മ സേന വീടുകളും, വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മാലിന്യം ശേഖരിക്കുന്നു. ജില്ല എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ പിഴ ഈടാക്കുന്നുമുണ്ട്. എന്നിട്ടും ചിലര്‍ക്ക് ഇപ്പോഴും കുമ്പള റെയില്‍വേ സ്റ്റേഷന്‍- സിഎച്ച്‌സി റോഡിലെ ഓവുചാല്‍ മാലിന്യ നിക്ഷേപ കേന്ദ്രമാണ്. ഓവുചാല്‍ നിറയെ മാലിന്യക്കെട്ടുകളാണ്. ഒപ്പം കാട് മൂടിയിട്ടുമുണ്ട്. ഇവിടെ മഴക്കാല പൂര്‍വ്വ ശുചീകരണമൊന്നും നടന്നതുമില്ല. അതുകൊണ്ടുതന്നെ ഈ പ്രാവശ്യം മഴവെള്ളം മുഴുവന്‍ ഒഴുകിയത് റോഡിലൂടെയാണ്. ജനവാസ മേഖലകളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ അധികൃതര്‍ നടപടി കടുപ്പിക്കുമ്പോഴും ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു.
രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് മാലിന്യം നിരോധിത പ്ലാസ്റ്റിക് കവറുകളിലാക്കി ഓവുചാലിലേക്ക് വലി ച്ചെറിയുന്നത്. സമീപത്തൊന്നും സിസിടിവി സംവിധാനം ഇല്ലാത്തതു ഇത്തരക്കാര്‍ക്കു വലിയ അനുഗ്രഹവുമായിരിക്കുന്നു. ഇതുമൂലം ഈ പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യവും വര്‍ദ്ധിച്ചിട്ടുണ്ട്.
മാലിന്യം തള്ളല്‍ അറിയിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വാട്‌സ് ആപ്പ് സംവിധാനവും, പാരിതോഷികവുമൊക്കെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് ഉപയോഗപ്പെടുത്താന്‍ ആരും മുന്നോട്ടുവരുന്നില്ല.
കഴിഞ്ഞാഴ്ചയാണ് ‘മാലിന്യമുക്തം നവകേരളം’ കാമ്പയിനിന്റെ ഭാഗമായി മാലിന്യം വലിച്ചെറിയുന്നതും കത്തിക്കുന്നതും, മലിനജലം ഒഴുക്കുന്നതും അറിയിക്കാന്‍ കേന്ദ്രീകൃത വാട്‌സ്ആപ്പ് സംവിധാനം ഏര്‍പ്പെടുത്തിയത്. മന്ത്രി എം രാജേഷ് കൊല്ലത്ത് വെച്ച് ഇതിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചിരുന്നു. പരാതി അറിയിക്കാനുള്ള വാട്‌സ്ആപ്പ് നമ്പര്‍. 9446700800 ആണ്.